കോഴിക്കോട് : അമൃത് പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്കി. അമൃത് പദ്ധതിയുടെ ഡി.പി ആര്‍ തയ്യാറാക്കാന്‍ കോഴിക്കോട് ആസ്ഥാനമായ റാം ബയോളജിക്കല്‍സിന് കരാര്‍ നല്കിയതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
റാം ബയോളജിക്കല്‍സിന് കരാര്‍ ലഭിക്കാന്‍ ഉന്നതാധികാരികളുടെയും ഭരണാധികാരികളുടെയും വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി വിദ്യ ബാലകൃഷ്ണനാണ് പരാതി നല്കിയത്. മലിനജല സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും കണ്‍സല്‍ട്ടന്‍സി ഫീസിന്റെ പകുതിയിലേറെ കമ്പനി കൈപറ്റിയിട്ടുണ്ട്. ഇക്കാര്യം കാണിച്ച് കേന്ദ്ര വിജിലന്‍സിനും ലോക്പാലിനും കേന്ദ്ര നഗരവികസന മന്ത്രിക്കും പരാതി നല്കിയിട്ടുണ്ട്.
കോഴിക്കോട് കോര്‍പ്പറേഷനടക്കം ഏഴ് തദ്ദേശസ്ഥാപനങ്ങളിലെ അമൃതിന്റെ ഭാഗമായുള്ള 23 പദ്ധതികളുടെ വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ കരാര്‍ നല്കിയത് റാം ബയോളജിക്കല്‍സിനാണ്. കോഴിക്കോട് ആസ്ഥാനമായ റാം ബയോളജിക്കല്‍സിന് കണ്‍സല്‍ട്ടന്‍സി നല്കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള രേഖകളും പുറത്ത് വന്നു. പക്ഷേ ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന് കോണ്‍ഗ്രസ് പരാതി നല്കിയത്.
Post Your Comments