പത്തനംതിട്ട : ശബരിമലയിലെ ചിത്തിരആട്ടത്തിരുനാളിനു തിങ്കളാഴ്ച നടതുറക്കുന്നത് ഇതുവരെ കാണാത്ത സുരക്ഷാക്രമീകരണങ്ങളുടെ നടുവിലാണ്. സാങ്കേതിക സംവിധാനങ്ങളുള്‍പ്പെടെയുള്ള വന്‍ സന്നാഹങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. കനത്ത പൊലീസ് വലയത്തിലാണ് ഇപ്പോള്‍ ശബരിമല.
കഴിഞ്ഞ മാസത്തിലെ സംഘര്‍ഷങ്ങളിലെ പ്രതികള്‍ ശബരിമലയിലെത്തിയാല്‍ മുഖം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കാനുള്ള ‘ഫേസ് ഡിറ്റക്ഷന്‍’ സാങ്കേതികവിദ്യയും ഒരുക്കിയിട്ടുണ്ട്. കമാന്‍ഡോകളടക്കം 1850 പൊലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
നിലയ്ക്കല്‍, പമ്പ, സന്നിധാനം, കാനനപാത എന്നിവിടങ്ങളിലായി പൊലീസിന്റെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫെയ്‌സ് ഡിറ്റക്ഷന്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. 1500 പേരില്‍ ആരെങ്കിലും എത്തിയാല്‍ ഈ ക്യാമറകള്‍ മുഖം തിരിച്ചറിഞ്ഞു പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പു നല്‍കും. അത്തരക്കാരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. മുഖം മറച്ചെത്തിയാല്‍ പ്രത്യേകം പരിശോധിക്കും.
ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമടക്കം 4000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ ചിത്രമടക്കമുള്ള വിവരങ്ങള്‍ ശബരിമലയിലെ പൊലീസിനു ലഭ്യമാക്കിയിട്ടുണ്ട്. ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ ഭക്തരായ സ്ത്രീകളെത്തിയാല്‍ നേരിടാനായി വനിതാ പൊലീസുകാരെയും സജ്ജരാക്കിയിട്ടുണ്ട്.
Post Your Comments