കോട്ടയം•തുലാമാസ പൂജയ്ക്ക് ശബരിമല നട തുറന്നപ്പോള്‍ പ്രവേശനത്തിന് എത്തിയ യുവതികളെ തടഞ്ഞത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഹിന്ദു പാര്‍ലമെന്റ് . എന്നാല്‍ എന്നാല്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം തീയതി നട തുറക്കുമ്പോള്‍ ആരെയും തടയില്ലെന്നും ഹിന്ദു പാര്‍ലമെന്റ് ഭാരവാഹികള്‍ പറഞ്ഞു.
ആദ്യഘട്ട സമരം വിജയിച്ചതിന്റെ അവകാശം ബി.ജെ.പി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ഹിന്ദു പാര്‍ലമെന്റ് ഭാരവാഹികള്‍ പറഞ്ഞു. നായാടി മുതല്‍ നമ്പൂതിരിവരെയുള്ള 108 ഹൈന്ദവ സമുദായങ്ങളുടെ സംയുക്ത വേദിയായ ഹിന്ദു പാര്‍ലെന്റ് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമാധാനപരമായ സമരവുമായാണ് രംഗത്ത് വന്നത്. ഇതിന്റെ ഫലമായാണ് തുലാമാസത്തില്‍ നട തുറന്നപ്പോള്‍ യുവതി പ്രവേശനം സാധ്യമാകാതിരുന്നത്. സമരത്തിന്റെ പേരില്‍ തങ്ങളുടെ നേതൃ നിരയിലുള്ള 18 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഈശ്വര്‍ അടക്കമുള്ള ചിലരുടെ പേരുകളാണ് പരാമര്‍ശിക്കപ്പെട്ടത്.
നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ പോലീസ് അകമ്പടിയോടെ സന്നിധാനത്തേക്ക് യുവതികളെ എത്തിക്കില്ലെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നട തുറക്കുമ്പോള്‍ ആചാരസംരക്ഷണത്തിനായി ഹിന്ദു പര്‍ലമെന്റ് സന്നിധാനത്തേക്ക് ആളുകളെ അയയ്ക്കില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ചില തത്പര കക്ഷികളാണ് അക്രമങ്ങള്‍ അഴിച്ചുവിട്ടത്. ഇത്തരം നീക്കങ്ങളെ അപലപിക്കുന്നു. ചോര വീഴിക്കുന്നതടക്കമുള്ള ശ്രമങ്ങളില്‍ ഹിന്ദു പാര്‍ലമെന്റിന് പങ്കില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
റിവ്യൂ ഹര്‍ജി പരിഗണിച്ച ശേഷം സുപ്രീം കോടതിയുടെ വിധി വരുന്നത് വരെ എന്‍എസ്‌എസുമായി ചേര്‍ന്ന് നമജപയജ്ഞം നടത്തുമെന്നും ഹിന്ദു പാര്‍ലമെന്റ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ സവര്‍ണ്ണ സമരമെന്നും സംഘപരിവാര്‍ സമരമെന്നും അവഹേളിക്കുന്നത് ശരിയല്ല. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നത് അംഗീകരിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി സി പി സുഗതന്‍, ആത്മീയ സഭാ സെക്രട്ടറി ഡോ ഹരിനാരായണ സ്വാമി, മറ്റ് ഭാരവാഹികളായി ടി എ കൃഷ്ണന്‍കുട്ടി, കെ എസ് ഹരിദാസ്, പാറത്തോട് വിജയന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments