കൊച്ചി: രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ലെന്നും പകരം സ്ഥായിയായ താല്പര്യങ്ങള്‍ മാത്രമേയുളളൂ എന്നും വ്യക്തമാക്ക് അഡ്വ ജയശങ്കര്‍. തെലങ്കാനയിലും ആന്ധ്രയിലും കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കി മത്സരിക്കാനും കേന്ദ്രത്തില്‍ മഹാഗഡ്ബന്ധന്‍ ശക്തിപ്പെടുത്താനും ചന്ദ്രബാബു നായിഡു തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചയാളാണ് ചന്ദ്രബാബു നായിഡുവെന്നും അഡ്വ ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തെലങ്കാനയിലും ആന്ധ്രയിലും കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കി മത്സരിക്കാനും കേന്ദ്രത്തില്‍ മഹാഗഡ്ബന്ധന്‍ ശക്തിപ്പെടുത്താനും ചന്ദ്രബാബു നായിഡു തീരുമാനിച്ചു.
യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചയാളാണ് ചന്ദ്രബാബു നായിഡു. അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധിയുടെ കിങ്കരനായിരുന്നു. 1978ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നു. ആ വര്‍ഷം തന്നെ നിയമസഭാംഗമായി, 1980-82 കാലത്ത് അഞ്ജയ്യയുടെ മന്ത്രിസഭയില്‍ അംഗമായി.
മന്ത്രിയായിരിക്കുമ്പോള്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ എന്‍ടി രാമറാവുവിന്റെ മകള്‍ ഭുവനേശ്വരിയെ വിവാഹം ചെയ്തു. 1982ല്‍ രാമറാവു തെലുഗുദേശം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ചന്ദ്രബാബു കോണ്‍ഗ്രസുകാരനായി തുടര്‍ന്നു. 83ലെ തെരഞ്ഞെടുപ്പില്‍ തോറ്റു. അതിനുശേഷം തെലുഗുദേശത്തില്‍ ചേര്‍ന്നു. 89ല്‍ വീണ്ടും നിയമസഭാംഗമായി.
1994 ഡിസംബര്‍ 12ന് രാമറാവു വീണ്ടും മുഖ്യമന്ത്രി പദമേറ്റപ്പോള്‍, ചന്ദ്രബാബു ധനകാര്യ മന്ത്രിയായി. ഒമ്പത് മാസത്തിനു ശേഷം രാമറാവുവിന്റെ കാലുവാരി, മന്ത്രിസഭ തകര്‍ത്തു. 1995 സെപ്റ്റംബര്‍ ഒന്നാം തീയതി ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി. അധികം വൈകാതെ രാമറാവു ഹൃദയം തകര്‍ന്നു മരിച്ചു.
1998-99കാലത്ത് കോണ്‍ഗ്രസ് ഇതര ബിജെപി വിരുദ്ധ ദേശീയ മുന്നണിയുടെ ചെയര്‍മാന്‍ ചന്ദ്രബാബു ആയിരുന്നു. 1999ലെ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ അദ്ദേഹം മറുകണ്ടം ചാടി. ബിജെപി സര്‍ക്കാരിനു പിന്തുണ പ്രഖ്യാപിച്ചു. തെലുഗുദേശം കേന്ദ്ര മന്ത്രിസഭയില്‍ ചേര്‍ന്നില്ല. പകരം ജിഎംസി ബാലയോഗിയെ സ്പീക്കറാക്കി.
2004ല്‍ കേന്ദ്രത്തില്‍ ബിജെപി ഭരണം അവസാനിച്ച അതേ ദിവസം, തെലുഗുദേശം പാര്‍ട്ടി ദേശീയ ജനാധിപത്യ സഖ്യം വിട്ടു. 2014ലെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വീണ്ടും ബിജെപിയുമായി കൈകോര്‍ത്തു. ‘ബാബു മുഖ്യമന്ത്രി; മോദി പ്രധാനമന്ത്രി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വീണ്ടും അധികാരത്തിലേറി.
ഈ വര്‍ഷമാദ്യം വരെ ബിജെപി മുന്നണിയുടെ അവിഭാജ്യ ഘടകമായിരുന്നു തെലുഗുദേശം. നരേന്ദ്രമോദിയുടെ ഉറ്റതോഴനായിരുന്നു ചന്ദ്രബാബു നായിഡു.
ഇപ്പോള്‍ അതേ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ജനാധിപത്യം ശക്തിപ്പെടുത്താനും അഴിമതി തുടച്ചുനീക്കാനും പുറപ്പെടുന്നു.
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ല; സ്ഥായിയായ താല്പര്യങ്ങള്‍ മാത്രമേയുളളൂ.
Post Your Comments