KeralaLatest News

കോടതി വിധിക്കെതിരായ സമരം കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കം; ശബരിമല വിഷയത്തില്‍ ഒടുവില്‍ തുറന്നടിച്ച് എംടി

അന്ന് ഗുരുവായൂരപ്പന്റെ തേജസിന് കുറവ് വരുമെന്ന തരത്തിലായിരുന്നു പ്രചാരണം. പക്ഷേ, ആ തേജസിന് കുറവുണ്ടായിട്ടില്ലെന്ന് ദൈവവിശ്വാസികള്‍ക്ക് അറിയാം.

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഒടുവില്‍ പ്രതികരിച്ച് എം.ടി. വാസുദേവന്‍ നായര്‍. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന സമരങ്ങള്‍ കരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കമാണെന്ന് അദ്ദേഹം തുറന്നടിച്ചു. സ്ത്രീയെ രണ്ടാം തരക്കാരാക്കി നിലനിര്‍ത്താനാണ് ശ്രമം നടക്കുന്നത്. അതിന് സ്ത്രീയെ തന്നെ കരുവാക്കി പ്രശ്‌നമുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഗുരുവായൂരില്‍ നടന്ന ക്ഷേത്രപ്രവേശ സത്യഗ്രഹത്തെയും ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാടിന്റെ ഭാവി നല്ലതാകണമെന്ന് ആഗ്രഹിക്കുന്ന ആരും ഇതിനെ പിന്തുണയ്ക്കില്ല. സുപ്രീം കോടതി വിധിയെ എതിര്‍ക്കാന്‍ സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം നടത്തുന്നത്. ഇത് പിന്നോട്ട് പോകലാണ്.ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതില്‍ മൂളായ്ക സമ്മതം രാജന്‍” എന്ന് ആശാന്‍ കുറിച്ചതാണ് ഇവരെ ഓര്‍മിപ്പിക്കാന്‍ ഉള്ളത്. ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും ശരിയായ വഴി അംഗീകരിക്കേണ്ടി വരും. സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നുവന്നാല്‍ ഇല്ലാതാകുന്നതല്ല ദൈവീകശക്തി. അതവിടെയുണ്ടാകുമെന്നും എം ടി പറഞ്ഞു.

അന്ന് ഗുരുവായൂരപ്പന്റെ തേജസിന് കുറവ് വരുമെന്ന തരത്തിലായിരുന്നു പ്രചാരണം. പക്ഷേ, ആ തേജസിന് കുറവുണ്ടായിട്ടില്ലെന്ന് ദൈവവിശ്വാസികള്‍ക്ക് അറിയാം. കേരളത്തിന് അപമാനകരമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരമാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ നോക്കുമ്പോള്‍ ചിലര്‍ നമ്മളെ തിരിച്ച് നടത്തുകയാണ്. ഇത് അങ്ങേയറ്റം അപകടകരമാണെന്നും എംടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button