KeralaLatest News

ചിത്തിര ആട്ട തിരുന്നാള്‍ കടുത്ത ആചാരലംഘനം; ലക്ഷ്‌മി രാജീവ്

തിരുവിതാംകൂറിലെ അവസാന രാജപ്രമുഖന് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ആചാരമാണിതെന്നും

തിരുവനന്തപുരം: ചിത്തിര ആട്ട തിരുന്നാള്‍ കടുത്ത ആചാരലംഘനമാണെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. തിരുവിതാംകൂറിലെ അവസാന രാജപ്രമുഖന് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ആചാരമാണിതെന്നും ദളിത് ക്ഷേത്രങ്ങള്‍ സവര്‍ണവത്കരിക്കാന്‍ അനാവശ്യമായിട്ടാണ് ഇത്തരം ആചാരങ്ങള്‍ തിരുകി കയറ്റിയതാണെന്നും ലക്ഷ്മി വ്യക്തമാക്കി. ചിത്തിര തിരുന്നാള്‍ മഹാരാജാവ് മരിച്ച്‌ പോയി, ഇനി എന്തിനാണ് ദേവസ്വം ബോ‌ര്‍ഡിന്റെ ചിലവില്‍ ഇത്തരം ദുരാചാരങ്ങളെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ലക്ഷ്മി രാജീവ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചിത്തിര ആട്ട തിരുനാളിനായിട്ടാണ് ശബരിമല അഞ്ചാം തീയതി തുറക്കുക. തിരുവിതാംകൂറിലെ അവസാന രാജ പ്രമുഖന് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ആചാരമാണിത്. ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ (രാജ്യം ബ്രിട്ടീഷുകാര്‍ക്ക് അടിയറ വച്ച അദ്ദേഹം രാജപ്രമുഖന്‍ മാത്രമായിരുന്നു-മഹാരാജാവ് എന്ന് സ്നേഹത്തില്‍ പറഞ്ഞതാണ്.) പിറന്നാള്‍ ദിവസമാണ് ചിത്തിര ആട്ടത്തിരുനാളായി ആഘോഷിക്കുന്നത്. ഇത്തരം ആചാരങ്ങള്‍ ദളിത ക്ഷേത്രങ്ങള്‍ സവര്‍ണ്ണ വല്‍ക്കരിക്കപ്പെടാനായി അനാവശ്യമായിട്ടാണ് കുത്തി തിരുകപ്പെട്ടതു.​

നോട്ട് ദി പോയിന്റ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഉണ്ടാക്കാവുന്ന ഒന്നാണ് ആചാരം. ഇത് നൂറ്റാണ്ടുകള്‍ ആയി ഉണ്ടായിരുന്നതല്ല. ​ പദ്മനാഭ സ്വാമി ക്ഷേത്രത്തിലുമുണ്ട് നാട്ടുകാരുടെ ചിലവില്‍ മരിച്ചു മണ്മറഞ്ഞു പോയ തമ്ബുരാക്കന്മാരുടെ ഓര്‍മ്മ നിലനിര്‍ത്താനുള്ള ധൂര്‍ത്ത് തിരുനാളുകള്‍. രാജഭരണവും പോയി, ചിത്തിര തിരുനാള്‍ മഹാരാജാവ് പാവം, മരിച്ചും പോയി. ഇനി എന്തിനാണ് ആ പേരിലുള്ള ഒരു ദുരാചാരം? അതും ദേവസത്തിന്റെ ചിലവില്‍?​ മരിച്ചു പോയ ഒരാളിന് വേണ്ടി ഒറ്റ കര്‍മ്മമേ ചെയ്യാവൂ. ബലി. മറ്റൊരു പൂജയും ശാസ്ത്രം അനുവദിക്കുന്നില്ല. ​ഒരാള്‍ മരിക്കുമ്ബോള്‍ പിന്നെ നിലനില്‍ക്കുക മരിച്ച നക്ഷത്രവും തിഥിയുമാണ്- ഇത് കടുത്ത ആചാര ലംഘനമാണ്.മരിച്ചുപോയ ഒരാളുടെ ജീവിച്ചിരുന്നപ്പോള്‍ ഉള്ള നക്ഷത്രത്തില്‍ പൂജ കഴിപ്പിക്കുന്നത് ഹൈന്ദവ ആചാര പ്രകാരം കടുത്ത പാപമാണ്. അതും അയ്യപ്പന്റെ തിരുനടയില്‍.

shortlink

Post Your Comments


Back to top button