KeralaLatest News

സ്‌കൂളിൽ പോയിട്ട് വർഷങ്ങളായി; തേനീച്ചയുടെ കൂട്ടുകാരി ഒലിയുടെ ജീവിതം നരകതുല്യമാക്കി അദ്ധ്യാപകര്

തിരുവനന്തപുരം: തേനീച്ചയുടെ കൂട്ടുകാരി ഒലിയുടെ ജീവിതം ഇന്ന് വഴിമുട്ടിയ അവസ്ഥയിലാണ്. ഈ അവസ്ഥയ്ക്ക് കാരണം പുതു തലമുറയെ വാർത്തെടുക്കാൻ നിയോഗിക്കപ്പെട്ട അധ്യാപകർ തന്നെ ആണെന്നതാണ് നിരാശപ്പെടുത്തുന്നത്. ഈ പതിന്നാലുകാരിയുടെ പഠനവും ജീവിതവും അദ്ധ്യാപകര്‍ തന്നെ തകര്‍ത്തത്. വയനാട് അമ്ബലവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഒലി അമന്‍ ജോധ (ഫിഷ ഫാത്തിമ) യാണ് അദ്ധ്യാപകരെ പേടിച്ച്‌ ഒരു വര്‍ഷമായി സ്കൂളില്‍ പോകാതെ കഴിയുന്നത്. സ്‌കൂളിലെ പന്ത്രണ്ടോളം അദ്ധ്യാപകരാണ് അവളുടെ ജീവിതം ദുരിതത്തിലാക്കുന്നത്. തേനീച്ചകൃഷിയിലെ മികവിന് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ തേന്‍മിത്ര പുരസ്‌കാരം നല്‍കി ആദരിച്ച മിടുക്കിയാണ് ഒലി അമന്‍ ജോധ.

തേനീച്ചകളുടെ ശാന്തിക്ക് വേണ്ടി പോരാടുന്ന രാജ്ഞി എന്നാണ് ഒലി എന്ന പേരിന്റെ അര്‍ത്ഥം. പക്ഷേ അവള്‍ക്കിപ്പോള്‍ ശാന്തി ഇല്ലാതായി. ഒലി അമനും സഹപാഠികളും ചേര്‍ന്ന് സ്കൂളില്‍ തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചിരുന്നു. കുട്ടികളെയും അദ്ധ്യാപകരെയും തേന്‍കൃഷി പഠിപ്പിക്കാന്‍ പി.ടി.എയുടെയും പ്രിന്‍സിപ്പലിന്റെയും അനുമതിയോടെയാണ് ഇത് സ്ഥാപിച്ചത്. തേന്‍കൃഷി വിജയമായതോടെ 2018 നവംബറില്‍ ദൂരദര്‍ശനിലെ ഹരിതവിദ്യാലയം പരിപാടിയുടെ അംഗീകാരം എത്തി. ബഹുമതി സ്‌കൂളിലെ അദ്ധ്യാപികയുടെ ബന്ധുവായ വിദ്യാര്‍ത്ഥിനിക്ക് നല്‍കാന്‍ ശ്രമം നടന്നതോടെ ഒലി പി.ടി.എയ്‌ക്ക് പരാതി നല്‍കി. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. അവാര്‍ഡ് വാങ്ങി സ്‌കൂളിലെത്തിയ ഒലിയെ കാത്തിരുന്നത് അധ്യാപകരുടെ കൊടും പകയും പീഡനങ്ങളുമായിരുന്നു.

മാനസിക രോഗിയായി ചിത്രീകരിച്ച്‌ അദ്ധ്യാപകര്‍ തന്നെ ക്ലാസിലിട്ട് പൂട്ടിയെന്ന് ഒലി പറയുന്നു. എല്ലാം സഹിച്ചു. ഇക്കൊല്ലം ഒരു അവധി ദിവസം തേനീച്ചകളെ പരിചരിക്കാന്‍ സ്‌കൂളിലെത്തിയ ഒലി കാണുന്നത് തന്റെ ജീവനായ തേനീച്ചക്കൂടുകള്‍ നശിപ്പിച്ചിട്ടിരിക്കുന്നതാണ്. മുപ്പതോളം കൂടുകള്‍ എടുത്തുകൊണ്ടുപോയി. തേന്‍ അറകള്‍ തല്ലിത്തകര്‍ത്തു. പി.ടി.എയുടെ നേതൃത്വത്തില്‍ ഒലിയുടെ അമ്മ അമ്ബലവയല്‍ പൊലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കി. അദ്ധ്യാപകരാണ് പ്രതികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നാല് അദ്ധ്യാപകരെ സ്ഥലം മാറ്റി. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി വന്ന അദ്ധ്യാപകര്‍ക്ക് പക കൂടി. അവര്‍ അസഭ്യം പറഞ്ഞും മറ്റും തന്നെ മാനസികമായി പീഡിപ്പിച്ചതായി ഒലി പറയുന്നു.

അദ്ധ്യാപകരുടെ പീഡനം ഭയന്ന് പഠനം തുടരാനോ സ്‌കൂളിലേക്ക് തിരികെ പോകാനോ ഈ 14കരിക്ക് കഴിയുന്നില്ല. എങ്കിലും രേഖകളില്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഒലി. വീട്ടിലിരുന്ന് പഠിച്ച്‌ പരീക്ഷ എഴുതാനാണ് തീരുമാനം. സിവില്‍ സര്‍വീസ് നേടണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഒലിയും അമ്മയും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കടക്കം തേനീച്ച കൃഷിയെക്കുറിച്ച്‌ ക്ലാസെടുത്തും തേനീച്ച വളര്‍ത്തിയുമൊക്കെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button