ന്യൂഡല്‍ഹി: മത്സരത്തിനില്ലെന്ന് തീര്‍ത്തുപറഞ്ഞ കെ.സി.വേണുഗോപാലിന്റെ പേര് ലിസ്റ്റില്‍ : മത്സരിയ്ക്കുന്ന മണ്ഡലവും ഏകദേശ ധാരണയായി. ആലപ്പുഴ, വടകര, വയനാട് എന്നീ സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച സജീവമായി.
കെ.പി.സി.സി അദ്ധ്യക്ഷനും വടകരയിലെ സിറ്റിംഗ് എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനില്‍ക്കുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുഴ വിട്ട് വയനാട്ടിലേക്ക് മാറുമോ എന്നതില്‍ വ്യക്തതയില്ല.
മറ്റൊരു ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി മത്സരിക്കില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
വയനാട്ടില്‍ കെ.സി. വേണുഗോപാലിനെ പരിഗണിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കില്ലെന്ന് പറഞ്ഞതിനര്‍ത്ഥം എവിടെയും സ്ഥാനാര്‍ത്ഥിയാകില്ല എന്നല്ല എന്ന മുല്ലപ്പള്ളിയുടെ പ്രതികരണമാണ് വയനാടിനെ പറ്റി അഭ്യൂഹം കനപ്പിച്ചത്.
വേണുഗോപാല്‍ മാറുന്നത് ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ആത്മവിശ്വാസം ഇല്ലാത്തതിനാലാണെന്ന വ്യാഖ്യാനം വന്നതോടെ മുല്ലപ്പള്ളി തിരുത്തി. സംഘടനാ ചുമതല വഹിക്കുന്ന വേണുഗോപാലിന് ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഉള്ളതിനാലാണ് അവിടെ മത്സരിക്കാനില്ലെന്ന് പറഞ്ഞതെന്നും ആലപ്പുഴയില്‍ അദ്ദേഹത്തിന് വര്‍ദ്ധിച്ച ഭൂരിപക്ഷത്തോടെ വിജയം സുനിശ്ചിതമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.സി. വേണുഗോപാല്‍ ഇല്ലെങ്കില്‍ ആലപ്പുഴയില്‍ ആറ്റിങ്ങലിലേക്ക് നിശ്ചയിച്ച അടൂര്‍ പ്രകാശിനെ മത്സരിപ്പിക്കണമെന്ന് അഭിപ്രായമുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനൊപ്പം ഒരു യുവ അഭിഭാഷകന്റെ പേരും ഡല്‍ഹിയിലെ സാദ്ധ്യതാ പട്ടികയില്‍ നല്‍കിയിരുന്നു. അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ തന്നെ ഉറച്ചാല്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ സ്ഥാനാര്‍ത്ഥിയായേക്കും.
Post Your Comments