ന്യൂഡല്‍ഹി•മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി.
ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിധിച്ചു.
മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണു ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു.
ഓര്‍ഡിനന്‍സ് പ്രകാരം മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും.
സമസ്ത കേരളാ ജാമി അത്ത് ഉല്‍ ഉലേമയാണ് ഓര്‍ഡിനന്‍സിനെതിരെ ഹര്‍ജി നല്‍കിയത്. അഭിഭാഷകന്‍ സുള്‍ഫിക്കര്‍ പി.എസാണ് ഇവര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാക്കിയത്.ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രനും വാദിച്ചു.
Post Your Comments