തിരുവനന്തപുരം: ശബരിമലയിലെ തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടുപോയെന്നും ഇതിന് ഉത്തരവാദികള്‍ പന്തളംകൊട്ടാരമാണെന്നും സ്വാമി സന്ദീപാനന്ദഗിരി. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങളില്‍ പലതും നഷ്ടപ്പെട്ടുവെന്ന് അഷ്ടമംഗല ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഇതിന് ഉത്തരവാദികള്‍ പന്തളം കൊട്ടാരമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലുള്ള പന്തളം രാജകുടുംബത്തിന്റെ അവകാശത്തെ കുറിച്ച് തര്‍ക്കങ്ങള്‍ സജീവമായി നിലനിൽക്കുമ്പോഴാണ് കൊട്ടാരത്തിന് എതിരെ ഗുരുതര ആരോപണവുമായി സന്ദീപാനന്ദഗരി രംഗത്ത് വന്നിരിക്കുന്നത്.
‘ശബരിമലയില്‍ പല അഷ്ടമംഗല പ്രശ്‌നങ്ങളും നടന്നിട്ടുണ്ട്.ഏറ്റവും അവസാനം നടന്നത് 2018 ജൂണ്‍ 15നാണ്. ഇതിന് മുമ്പ് നടന്നതിലെല്ലാം ചൂണ്ടിക്കാട്ടുന്നത് തിരുവാഭരണത്തില്‍ വിശിഷ്ടമായ ആഭരണങ്ങള്‍ എഴുന്നള്ളിച്ച് പോരാത്തതായും ആഭരണങ്ങളില്‍ വൈകല്യമുള്ളതായും പലതും ദേവന് ചാര്‍ത്തതായും കാണുന്നു എന്നാണ്. വളരെ വിലപിടിച്ച വൈഢൂര്യം മരതകം പോലുള്ള വിലപ്പെട്ട വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.അതിന്റെ ഉത്തരാവാദിത്തം പന്തളം കൊട്ടാരത്തിനുണ്ട്’. -അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം തികച്ചും രാഷ്ട്രീയമാണ്. ശബരിയുടെ ശരിയായ പിന്തലമുറക്കാരായ മല അരയ സമുദായത്തിന്റെ അവകാശങ്ങള്‍ തട്ടിത്തെറിപ്പിച്ചു. പതിനെട്ട് പടികള്‍ എന്നു പറയുന്നത് ചുറ്റിനുമുള്ള പതിനെട്ട് മലകളുടെ ഉപദേവതകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ പറഞ്ഞു പരത്തുന്നത് പതിനെട്ട് പുരാണങ്ങളുടെയും പതിനെട്ട് ഉപപുരാണങ്ങളുടെയും ഒക്കെ സംഖ്യയാണ് എന്നാണ്. അതല്ലെന്ന് അഷ്ടമംഗല ദേവപ്രശ്‌ന ചാര്‍ത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്-സന്ദീപാനന്ദ ഗിരി പറഞ്ഞു. പന്തളം കൊട്ടാരം ഇതുവരെ ഈ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
Post Your Comments