ലക്നൗ: കാമുകിയുമായി ഒളിച്ചോടിയ യുവാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഉത്തർപ്രദേശിലെ ഈറ്റയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവാവ് സൈഫൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രണ്ട് ദിവസം മുമ്പാണ് 22 കാരനായ നരേന്ദ്ര ഷാഖ്യയേയും കാമുകിയേയും കാണാതായത്. വിവരം അറിഞ്ഞതോടെ നരാന്ദ്രയെ പെൺകുട്ടിയുടെ വീട്ടുകാർ ടെലിഫോണിൽ ബന്ധപ്പെട്ടു. രണ്ടു പേരും തിരിച്ചുവന്നാൽ വിവാഹം ഉറപ്പിക്കാമെന്ന് വാഗ്ദാനവും നൽകി.
ഇന്നലെ വൈകീട്ട് ഇക്കാര്യം സംസാരിക്കാനായി നരേന്ദ്ര പെൺകുട്ടിയുടെ വീട്ടിലേക്ക് ചെന്നു. യുവാവ് തനിച്ചായിരുന്നു ചർച്ചയ്ക്ക് പോയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടിലെന്നും ഉടൻ തിരിച്ച് വീട്ടിലെത്തിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു. വിവാഹക്കാര്യത്തിൽ ഉറപ്പുകിട്ടാതെ തിരികെ കൊണ്ടുവരില്ലെന്ന് യുവാവും നിലപാടെടുത്തു. ഇതോടെ, യുവാവിനെ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് മർദ്ദിച്ച് അവശനാക്കി മുറിയിൽ പൂട്ടിയിട്ടു.
പെൺകുട്ടി എവിടെയെന്ന് യുവാവ് പറയാതിരുന്നതോടെ പ്രകോപിതനായ അക്രമികൾ യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീട്ടിൽ നിന്ന് യുവാവിന്റെ കരച്ചിൽകേട്ട നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനേയും അമ്മാവനേയും പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments