ശബരിമല വിഷയത്തില്‍ ജില്ലകള്‍ തോറും യോഗങ്ങള്‍ നടത്തി സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിളിച്ച ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തില്ല. അടിയന്തരമായി മറ്റ് ചില പരിപാടികള്‍ വന്നതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ശ്രദ്ധേയമായത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഒരു മന്ത്രി പോലും പങ്കെടുത്തിട്ടില്ല എന്നതാണ്. പകരം ഉദ്യോഗസ്ഥന്‍മാരെ അയക്കുകയായിരുന്നു. മന്ത്രിമാര്‍ പങ്കെടുക്കാഞ്ഞതിനാല്‍ മുഖ്യമന്ത്രിയും യോഗത്തിന് അധികം പ്രാധാന്യം നല്‍കിയില്ല എന്ന് വായിച്ചെടുക്കാം. തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ക്കായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം.
എന്തുകൊണ്ട് അവര്‍ പങ്കെടുത്തില്ല
തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ബുധനാഴ്ച്ച രാവിലെ പത്തരക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്. ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശന വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവാദവിഷയങ്ങളില്‍ അഭിപ്രായവുമായി എത്തേണ്ടെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ തീരുമാനിച്ചതാകാം എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തിനുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ പങ്കെടുക്കാത്തതിന് പിന്നില്‍ മറ്റൊരു കാരണവുമില്ലെന്ന് മന്ത്രി അടിവരയിട്ട് പറയുകയും ചെയ്തു. ദേവസ്വം മന്ത്രി വിശദീകരിക്കുന്ന കാരണങ്ങള്‍ ഇങ്ങനെയാണ്.
യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രിമാര്‍ വരാതിരുന്നത് മതിയായ കാരണങ്ങള്‍കൊണ്ടാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടില്‍ ചില രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ നടക്കുന്ന സമയമായതിനാല്‍ ബന്ധപ്പെട്ട മന്ത്രിക്ക് അവിടെ നിന്ന് മാറി നില്‍ക്കാന്‍ സാധിക്കില്ല. കര്‍ണാടകയില്‍ നിന്നെത്തേണ്ട മന്ത്രിയുടെ സ്ഥലത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അദ്ദേഹം പങ്കെടുക്കാതിരിക്കുന്നു. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുയായതിനാല്‍ അവിടെ നിന്നുള്ള മന്ത്രിയും എത്തിയില്ല. പകരം എത്തേണ്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്ന് സ്ഥാനമൊഴിയുന്നതിനാല്‍ അദ്ദേഹത്തിനും വരാന്‍ കഴിഞ്ഞില്ല. പുതുച്ചേരിയില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരുന്നതിനാല്‍ അവിടെ നിന്നും മന്ത്രി എത്തിയില്ല. ആന്ധ്രയില്‍ വലിയ രാഷ്ട്രീയ റാലി നടക്കുന്നതിനാല്‍ അവിടെ നിന്നും മന്ത്രിക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതാണ് സംസ്ഥാന ദേവസ്വംമന്ത്രി നല്‍കിയ വിശദീകരണം.
അവരും കേള്‍ക്കുന്നുണ്ട് തെരുവിലെ ശരണം വിളികള്‍
ഈ വിശദീകരണം കേള്‍ക്കുമ്പോള്‍ അരിയാഹാരം കഴിക്കുന്ന ആരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, പിന്നെന്തിനാണ് സാര്‍ ഈ ദിവസം തന്നെ ആ യോഗം തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുക്കേണ്ടവര്‍ക്കെല്ലാം അസൗകര്യമാണെന്ന് അറിഞ്ഞിട്ടും അടിയന്തരമായി യോഗം ചേരേണ്ട ആവശ്യമുണ്ടായിരുന്നോ. അവര്‍ക്ക് സൗകര്യമായ മറ്റൊരു ദിവസം കണക്കാക്കി അടുത്തുതന്നെ യോഗം കൂടാമായിരുന്നല്ലോ. അപ്പോള്‍ കടകംപള്ളി പറഞ്ഞത് അത്ര കണ്ട് വിശ്വാസയോഗ്യമല്ലെന്ന് കരുതേണ്ടിയിരിക്കുന്നു. സുപ്രീംകോടതി വിധിക്കെതിരെ വിശ്വാസികളായ ഒരു വലിയ ജനവിഭാഗംശരണം വിളിച്ച് തെരുവിലറിങ്ങുന്നതും അവരെ പൊലീസ് കേസില്‍ കുടുക്കി ജയിലിലാക്കുന്നതുമൊക്കെ കേരളത്തില്‍ മാത്രമല്ല ചര്‍ച്ച ചെയ്യുന്നത്. ഇതൊക്കെ മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരും ജനങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തന്‍മാരില്‍ ഭൂരിപക്ഷവും ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കണമെന്ന പക്ഷക്കാരല്ല. മാത്രമല്ല ശബരിമലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയില്‍ വേദനിക്കുന്നവരുമാണ്. സ്വന്തം സംസ്ഥാനത്തെ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഒന്നിനും കൂട്ടുനില്‍ക്കാന്‍ അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. കേരളത്തിലേതുപോലെ പുരോഗമനവാദവും ലിംഗസമത്വവും ഈ പറയുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അത്ര ബാധകവുമല്ല.
സര്‍ക്കാര്‍ കരുതുന്നുണ്ടോ വിശ്വാസത്തില്‍ അവര്‍ ഇടപെടുമെന്ന്
ഇനി അഥവാ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്താല്‍ തന്നെ ഞങ്ങളുടെ സംസ്ഥാനത്ത് നിന്ന് സന്നിധാനത്ത് അയ്യപ്പനെ തൊഴാന്‍ എത്തുന്ന യുവതികളെ ഒരു കാരണവശാലും തടയരുതെന്നും അവര്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്നും ആ മന്ത്രിമാര്‍ പറയുമെന്ന് പിണറായി സര്‍ക്കാര്‍ കരുതുന്നുണ്ടോ. ഇത്രയും സംഘര്‍ഷാവസ്ഥ നിറഞ്ഞുനില്‍ക്കുന്ന ഒരിടത്തേക്ക് യുവതികള്‍ വരാതിരിക്കട്ടെ എന്നാകും അവര്‍ ആഗ്രഹിക്കുന്നത്. സമവായ ചര്‍ച്ചയെന്ന പേരില്‍ വിളിച്ച് സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതുപോലെയാണ് യുവതിപ്രവേശന വിഷയത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം വിളിച്ചതും. അവര്‍ പറയുന്നത് കേള്‍ക്കാനും അഭിപ്രായങ്ങള്‍ അംഗീകരിക്കാനുമല്ല, ഞങ്ങള്‍ ഇങ്ങനെയാണ് ചെയ്യാന്‍ പോകുന്നതെന്നാകും ആ യോഗത്തില്‍ സര്‍ക്കാര്‍ നിലപാട്. അത് കേട്ടിരിക്കാന്‍ തയ്യാറല്ലാത്തതിനാലാകും വിളിച്ച സംസ്ഥാനങ്ങളില്‍ നിന്നൊന്നും ഒരു മന്ത്രിയും വരാതിരുന്നത്. മറ്റൊരു സംസ്ഥാനത്തിന്റെ വിഷയമാണെങ്കിലും വിശ്വാസത്തില്‍ കൈകടത്താന്‍ അവര്‍ തയ്യാറല്ലെന്ന സൂചനയാണ് യോഗത്തിലെ അസാന്നിധ്യം വിളിച്ചു പറയുന്നത്.
യോഗം തീരും മുമ്പ് അവര്‍ ഇറങ്ങിയത് എന്തിന്
എന്തായാലും യോഗത്തില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പോയി എന്നതാണ് മറ്റൊരു വിവാദം. യോഗം തീരുന്നതിന് മുമ്പ് ഇറങ്ങിപ്പോയവരെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരം നല്‍കുമെന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍തച്ചങ്കരിയും ഗതാഗത കമ്മീഷണര്‍ പത്മകുമാറുമാണ് യോഗം തീരുന്നതിന് മുമ്പ് ഹാള്‍ വിട്ടത്. മുഖ്യമന്ത്രി പങ്കെടുത്തില്ലെന്നതിന് പുറമേ ചീഫ് സെക്രട്ടറി ടോം ജോസും യോഗത്തിന് എത്താതിരുന്നതും ശ്രദ്ധേയമായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെ പിന്തുണയോടെ ശബരിമലയിലെ യുവതി പ്രവേശം നടപ്പിലാക്കാമെന്ന പിണറായിയുടെ മോഹത്തിനാണ് തിരിച്ചടി കിട്ടിയത്. എന്തായാലും ശബരിമല വിഷയത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഊന്നിപ്പറയുന്നതിനിടെ നടന്ന യോഗം പേരിന് മാത്രമായത് ആ പറച്ചിലിന്റെ ശക്തി കുറയ്ക്കുന്നത് തന്നെയാണ്.
Post Your Comments