ഡല്‍ഹി: ഇസ്‌ലാമില്‍ ആരാധനക്ക് പള്ളി അവിഭാജ്യ ഘടകമല്ല എന്ന 1994ലെ വിവാദ സുപ്രീംകോടതി വിധി പുനഃപരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 1994ലെ വിവാദ വിധി ദുര്‍ബലപ്പെടുത്തി മുസ്‌ലിം സമൂഹത്തിന് നമസ്‌കാരത്തിന് പള്ളി അവിഭാജ്യ ഘടകമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ട് അബൂ സുഹൈല്‍ എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ബാബരി മസ്ജിദിന്റെ ഭൂമിയുമായി ബന്ധപ്പെട്ട 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസില്‍ പുറപ്പെടുവിച്ച വിധിയിലെ വിവാദ പരാമര്‍ശം പരിഗണിച്ച് മുസ്‌ലിം സമൂഹത്തിന് നമസ്‌കാരത്തിന് പള്ളി അവിഭാജ്യ ഘടകമാണെന്ന് വിധിക്കുക. ഇതിനായി വിഷയം വിപുലമായ ബെഞ്ചിന് വിടുക എന്നീ രണ്ട് ആവശ്യങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്.ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.
ഈ രണ്ട് ആവശ്യങ്ങളും ബാബരി ഭൂമി കേസിന്റെ ഭാഗമായി സുന്നി വഖഫ് ബോര്‍ഡ് ഉന്നയിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും അടങ്ങുന്ന ബെഞ്ച് 2-1 ഭൂരിപക്ഷ വിധിയില്‍ തള്ളിയതാണെന്ന് വ്യക്തമാക്കിയാണ് ഹരജി പുതിയ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് തള്ളിയത്.
Post Your Comments