ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും പൊക്കമുള്ള പ്രതിമയുടെ അവകാശം ഇനി ഇന്ത്യയ്ക്കു സ്വന്തം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 അടിയുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിച്ചു. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്നാണ് മോദി സര്‍ക്കാര്‍ പ്രതിമ അനാച്ഛാദനം ചെയ്യാനായി തിരഞ്ഞെടുത്തത്. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നാണ് പ്രതിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
പ്രതിമയുടെ അനാച്ഛാദന പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് രാജ്യവ്യാപകമായി സംഘടിപ്പിച്ചത് . ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഇന്ന് രാവിലെ ‘യൂണിറ്റി മാരത്തോണ്‍’ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. 2389 കോടിയാണ് പ്രതിമാ നിര്‍മ്മാണത്തിനായി ചെലവ് ചെയ്തിരിക്കുന്നത്. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തില്‍ ഒന്നാമതായി തലയുയര്‍ത്തി നില്‍ക്കുന്നത്.
സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികദിനമായ ഇന്ന് രാജ്യമെങ്ങും രാഷ്ട്രീയ ഏകത ദിവസ് ആയി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ റണ്‍ ഫോര്‍ യൂണിറ്റിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ ദിവസം ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നിര്‍ണായക ദിനമാണ്. ഈ ദിവസത്തെ ചടങ്ങുകളെ ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയുക എന്നത് ബുദ്ധിമുട്ടാണ്.
പട്ടേലിനെ പോലെ ഒരു മഹദ് വ്യക്തിക്ക് ഇത്തരത്തിലൊരു ആദരം അര്‍പ്പിക്കാന്‍ സാധിക്കുന്നത് ഞാനെന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഈ പദ്ധതിയെ കുറിച്ച് സ്വപ്നം കാണുന്ന സമയത്ത് ഞാന്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നോ ഇത് അനാച്ഛാദനം ചെയ്യാന്‍ സാധിക്കുമെന്നോ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു.
ഇന്ന് എല്ലാവരും ഒരുമയോടെ ജീവിക്കുന്നതിന്റെ പ്രധാന കാരണം സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ എന്ന വ്യക്തിയാണ്. നമ്മുടെ രാജ്യം ഇന്നത്തെ നിലയിലെത്തുന്നതില്‍ പട്ടേല്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. സ്വാതന്ത്ര്യത്തിന് ശേഷം അദ്ദേഹം നടത്തിയ പ്രയത്നങ്ങളാണ് ഇന്ന് കാണുന്ന ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments