കാലിഫോര്‍ണിയയില്‍ ഹെയില്സ്ബര്ഗ് നഗരത്തെ അമ്പരിപ്പിച്ച ഒരു മോഷണം അടുത്തിടെ നടന്നു. തങ്ങള്‍ക്ക് നഷ്ടമായ ആ അപൂര്‍വ്വ വസ്തു തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നഗരനിവാസികള്‍. മോഷണം പോയ വസ്തുവിനായി സിറ്റി അരിച്ചുപെറുക്കി പരിശോധന നടത്തുകയാണ് പൊലീസ്.
അങ്ങനെ അരിച്ചുപെറുക്കി സൂക്ഷ്മ പരിശോധന നടത്തുന്നത് തീരെ ചെറിയ ഒരു വസ്തുവിന് വേണ്ടിയല്ലെന്ന് അറിയുമ്പോഴാണ് കൗതുകം. 362 കിലോ ഭാരം വരുന്ന ഒരു ഭീമന് ചുറ്റികയാണ് രായ്ക്ക് രാമാനം ഇവിടെ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. നഗരത്തിന് പ്രൗഡിയേകുന്ന ഈ ഭീമന് ചുറ്റിക അത്ര എളുപ്പമല്ല കടത്തിക്കൊണ്ടുപോകാന്‍. 21 അടി നീളമുള്ളതാണ് തടികൊണ്ടുള്ള ഇതിന്റെ പിടി. സ്റ്റീലും മറ്റും കൊണ്ട് നിര്‍മ്മിച്ച തലഭാഗംമാത്രം അഞ്ചടിയുണ്ട്.
നഗരത്തിലെ കമ്മ്യൂണിറ്റി സെന്ററില്‍ വസന്തകാലാരംഭത്തില്‍ പ്രദര്‍ശനത്തിന് വച്ചതായിരുന്നു ഇത്. ആ വഴി പോകുന്നവരൊക്കെ കാര്‍ നിര്‍ത്തി ആ ബൃഹത് കലാസൃഷ്ടിക്കൊപ്പം ഫോട്ടോ എടുക്കുമായിരുന്നു. എന്നാല്‍ ഒക്ടോബര്‍ ആദ്യവാരത്തിന്റെ അവസാനത്തോടെ ഇത് ഇവിടെ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ആരാണ് പിന്നിലെങ്കിലും അത് വലിയ കുറ്റകൃത്യമാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇത്തരത്തിലൊരു മോഷണം നടത്താനുള്ള പ്രേരണ എന്താണെന്ന് മനസിലാകുന്നില്ലെന്നും ഹെയില്സ്ബര്ഗ് പൊലീസ് ഓഫീസര്‍ ഡാരില്‍ എര്‍ക്കല്‍ പറഞ്ഞു.
ഇത്രയും ഭാരമുള്ള സാധനം എങ്ങനെ നീക്കം ചെയ്യപ്പെട്ടു എന്ന അതിശയത്തിലാണ് നഗരവാസികള്‍. കള്ളന്മാര് ഇത് ചുവട്ടില്‍ നിന്ന് മാന്തി വലിച്ചിഴച്ചാകും വാഹനത്തിന് സമീപം എത്തിച്ചതെന്നും പിന്നീട് ക്രെയ്ന് കൊണ്ട് ഉയര്‍ത്തി ട്രക്കിലാക്കി കടത്തിയതാകുമെന്നാണ് പൊലീസ് നിഗമനം. എന്തായാലും മോഷണം പോയ മുതല്‍ അധികകാലം ഒളിച്ചുവയക്കാന്‍ കഴിയുന്നതല്ലെന്നും അധികം താമസിയാതെ അത് കണ്ടെടുക്കുമെന്നുമുള്ള ശുഭ പ്രതീക്ഷയിലാണ് നഗരവാസികളും പൊലീസും.
Post Your Comments