തിരുവനന്തപുരം: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്ത്‌നില്‍ക്കേണ്ടിവരില്ല. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധം ആളിക്കത്തവേ ഭക്തരെ അതീവ സുരക്ഷിതരായി മല കയറ്റാന്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തി കേരള സര്‍ക്കാര്‍. ശബരിമല ദര്‍ശനത്തിന് തിരുപ്പതി മാതൃകയിലുള്ള ഡിജിറ്റല്‍ ബുക്കിങ് സംവിധാനമാണ് കേരളാ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇനി ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന യുവതികള്‍ക്ക് നേരത്തെ തന്നെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത് അതീവ സുരക്ഷയോടെ സന്നിധാനത്ത് എത്താം. വഴിയില്‍ പ്രതിഷേധക്കാര്‍ തടയുമെന്ന പേടിയും വേണ്ട. ഇതിലൂടെ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തുന്ന തീയതിയും സമയവും വരെ മുന്‍കൂട്ടി അറിയാം.
കാനന പാതയിലുള്ള ക്ഷേത്രമായതിനാല്‍ തിരുപ്പതി മോഡല്‍ ശബരിമലയില്‍ വൈകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും ശബരിമലയിലെത്തുന്ന ഭക്തരുടെ സുരക്ഷ പരിഗണിച്ച് ഓണ്‍ലൈന്‍ സംവിധാനം ഉടനടി തന്നെ നടപ്പിലാക്കി സര്‍ക്കാര്‍ മാതൃകയാകുക ആയിരുന്നു. മണ്ഡലകാലത്തിന് മുമ്ബ് തന്നെ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നിലവില്‍ വന്നതോടെ ഇനി യുവതികള്‍ക്കും മുന്‍കുട്ടി ബുക്ക് ചെയ്ത് സുരക്ഷിതരായി തന്നെ ശബരിമലയില്‍ എത്താനുള്ള സംവിധാനമാണ് ഒരുങ്ങിയിരിക്കുന്നത്. ഇതോടെ കേരള സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ കയറി ബുക്ക് ചെയ്താല്‍ ക്യൂ നില്‍ക്കാതെ തന്നെ ഭക്തര്‍ക്ക് ശബരിമല ദര്‍ശനം നടത്തി മടങ്ങാം.
ശബരിമല ക്യൂ ഡോട്ട് കോം എന്ന വെബ്സൈറ്റാണ് സര്‍ക്കാര്‍ ഇതിനായി ആരംഭിച്ചിരിക്കുന്നത്. നിലക്കല്‍ വരെ കെഎസ്ആര്‍ടിസി ബസ് ഓണ്‍ലൈന്‍ ബുക്ക് ചെയ്യാനും വെബ്സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ശബരിമലയിലെ തിരക്കു നിയന്ത്രിക്കാനാണ് തിരുപ്പതി ക്ഷേത്രത്തിലെ മാതൃകയില്‍ ഡിജിറ്റല്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ശബരിമലയുടേയും തീര്‍ത്ഥാടകരുടേയും സുരക്ഷയും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
Post Your Comments