ന്യൂഡല്‍ഹി: അയോധ്യ കേസ് ജനുവരിയിലേയ്ക്ക് മാറ്റി. എന്നാല്‍ മാറ്റിയ തീയതി അറിയിച്ചിട്ടില്ല. അയോധ്യ കേസില്‍ 16 ഹര്‍ജികളാണ് പരിഗണിച്ചത്. ഉചിതമായ ബെഞ്ചുള്‍പ്പെടെയുള്ള തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. വിശദമായ വാദം കേള്‍ക്കണം, രേഖകള്‍ പരിശോധിക്കണം. ആയതിനാല്‍ പെട്ടെന്ന് തീരുമാനം എടുക്കേണ്ടതില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ബെഞ്ചിന്റെ തീരുമാനം.
അയോധ്യ ഭൂമി വിഭജിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിന് എതിരായ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു സുപ്രീം കോടതി തീരുമാനം അറിയിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അയോധ്യഭൂമി സുന്നി വഖഫ്‌ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല വിരാജ്മാന്‍ തുടങ്ങിയ കക്ഷികള്‍ക്ക് വിഭജിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതിയുടെ 2010ലെ ഉത്തരവിന് എതിരെ നല്‍കിയ അപ്പീലിലായിരുന്നു വിധി.
നേരത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്ര, ജസ്റ്റിസുമാരായ എസ് അബ്ദുള്‍നസീര്‍, അശോക്ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ച്, വിഷയം 2019 പൊതുതെരഞ്ഞെടുപ്പിന് ശേഷം പരിഗണിച്ചാല്‍ മതിയെന്ന ആവശ്യം കോടതി തള്ളിയിരുന്നു.
https://youtu.be/9ZaXfz_f1CY
Post Your Comments