സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനായി തമിഴ്‌നാട്ടില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ക്ഷമിക്കണം ഐഎഎസ് എഴുതിയെടുക്കാന്‍ എനിക്കാകില്ല എന്ന് എഴുതി വച്ചതിന് ശേഷമായിരുന്നു ശ്രീമതി എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ.
കരോള്‍ ബാഗില്‍ വാടകയ്‌ക്കെടുത്ത വീട്ടിലെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് ശ്രീമതിയെ കണ്ടെത്തിയത്. ശ്രീമതിയെ കാണാനെത്തിയ കൂട്ടുകാരിക്ക് വാതിലില്‍ മുട്ടി വിളിച്ചിട്ട് പ്രതികരണമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ പൊലീസിനെ വിളിക്കുകയായിരുന്നു. മുറിയുടെ വാതില്‍ തകര്‍ത്ത് പൊലീസ് അകത്തു കടക്കുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പും ശ്രീമതി തന്നോട് സംസാരിച്ചിരുന്നെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും കൂട്ടുകാരി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും അവര്‍ വ്യക്തമാക്കി. ശ്രീമതിയുടെ കുടുംബത്തെ വിവരമറിയിച്ച് മൃതദേഹം പൊലീസ് അവര്‍ക്ക് കൈമാറി.
അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളോട് ആത്മഹത്യാകുറിപ്പില്‍ ശ്രീമതി ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ ആത്മഹത്യാകുറിപ്പില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ മരിക്കുന്നതിന് എന്തെങ്കിലും പ്രത്യേക കാരണം പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ശ്രീമതി കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. മകളെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ക്ക് ആഗ്രഹമെങ്കിലും ഐഎഎസ് ഓഫീസറാകണമെന്ന ആഗ്രഹം കൊണ്ട് തയ്യാറെടുപ്പിനായി ശ്രീമതി ഡല്‍ഹിയിലേക്ക് മാറുകയായിരുന്നു.
Post Your Comments