കൊല്ലം : ശബരിമലദര്‍ശനത്തിനു ശ്രമിച്ച കെ.ഡി.എം.എഫ്. നേതാവ് എസ്‌പി.മഞ്ജുവിന് പുറത്തിറങ്ങാനാവാത്ത അവസ്ഥ. അത്രയേറെ ഭീഷണിയെയാണ് മഞ്ജു നേരിടുന്നത്. പൊലീസും കാര്യമായ ഇടപെടലിന് ശ്രമിക്കുന്നില്ലെന്ന പരാതി മഞ്ജുവിന് ഉണ്ട്. ഈ സാഹചര്യത്തില്‍ ജീവന് ഭീഷണിയുണ്ടെന്ന് മഞ്ജു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ശബരിമലദര്‍ശനത്തിനായി മഞ്ജു പമ്പയിലെത്തിയ 20-ന് കോഷ്ണക്കാവിലെ വീട് ഒരുസംഘം ആക്രമിച്ചിരുന്നു.
മഞ്ജു വീണ്ടും ശബരിമല ദര്‍ശനത്തിന് പോകുമെന്ന സംശയം സജീവമാണ്. ഇതുകൊണ്ട് മഞ്ജുവിന്റെ ഓരോ നീക്കവും നിരീക്ഷിക്കപ്പെടുന്നുണ്ട്. മഞ്ജു വീണ്ടും ശബരിമലയിലേക്ക് പോയാല്‍ അവരെ വീട്ടില്‍ വച്ചു തന്നെ തടയാനാണ് നീക്കമെന്നും ഇവരിൽ നിന്ന് ഭീഷണി നേരിടുന്നതായും മഞ്ജുവിന്റെ പരാതിയിൽ പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഇരുചക്രവാഹനത്തില്‍ കൊല്ലത്തേക്ക് പോകുമ്പോള്‍ ബൈക്കുകളില്‍ പിന്തുര്‍ന്നെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘം ഉമയനല്ലൂര്‍ ഭാഗത്തുെവച്ച് അസഭ്യവര്‍ഷം നടത്തിയശേഷം വധഭീഷണി മുഴക്കുകയായിരുന്നു.
അതുപോലെ ശനിയാഴ്ച രാത്രി ഒരുസംഘം മഞ്ജുവിന്റെ ചാത്തന്നൂര്‍ കോഷ്ണക്കാവിനുസമീപത്തെ വീടിനുമുന്നില്‍ തടിച്ചുകൂടിയതായും സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയില്‍ പറയുന്നു. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരുമെത്തിയില്ലെന്നാണ് പരാതി.തുലാമാസ പൂജ സമയത്ത് ശബരിമല ദര്‍ശനത്തിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മഞ്ജു മടങ്ങുകയായിരുന്നു.
ശബരിമലയിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് എഴുതി നല്‍കിയ ശേഷമാണ് മഞ്ജു തിരിച്ചുപോയതെന്നാണ് സൂചന. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ മഞ്ജു ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെയാണ് ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചത്. ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീയുമുണ്ടായിരുന്നു. സ്ഥിതിഗതികളെ കുറിച്ച് പൊലീസ് വിശദീകരിച്ചതോടെ രണ്ടാമത്തെ സ്ത്രീ തിരിച്ചു പോകാന്‍ തയ്യാറായി.
എന്നാല്‍ ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മഞ്ജു. തുടര്‍ന്ന് മഞ്ജുവിന്റെ പശ്ചാത്തലത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് വിവിധ ജില്ലകളിലായി 15 കേസുകള്‍ ഇവരുടെ പേരിലുണ്ടെന്ന് കണ്ടെത്തി. ഇവയുമായി ബന്ധപ്പെട്ട് ചില അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അതിനു ശേഷമേ മല കയറാന്‍ അനുവദിക്കുവെന്ന് പൊലീസ് മഞ്ജുവിനെ അറിയിക്കുകയായിരുന്നു, ഇതിനെ തുടർന്നാണ് ഇവർ മടങ്ങിപ്പോകാൻ തയാറായതെന്നാണ് സൂചന.
Post Your Comments