തിരുവനന്തപുരം ; ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തി .ശബരിമലയിലെ നിലവിലെ സ്ഥിതി ഗതികൾ,യുവതീ പ്രവേശനത്തിനെതിരായി ഉയരുന്ന ജനരോഷം,അത് അടിച്ചമർത്താനുള്ള സർക്കാർ നീക്കങ്ങൾ,ക്രമസമാധാന പ്രശ്നങ്ങൾ,ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് എന്നിവയെല്ലാം സംഘം പരിശോധിച്ച് കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകും.
കഴിഞ്ഞ ദിവസമാണ് സംഘം കോട്ടയത്തെത്തിയത്.ഇന്ന് പമ്പയിലെത്തുന്ന സംഘം നാളെ സന്നിധാനത്ത് നിന്ന് വിശദ വിവരങ്ങൾ ശേഖരിക്കും.അന്വേഷണ സംഘം കോട്ടയത്തെത്തുന്ന വിവരം ജില്ലാ കലക്ടർക്ക് പോലും നൽകിയിരുന്നില്ല.ഇനിയും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള സർക്കാർ നീക്കം വൻ കലാപത്തിനിടയാകുമെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ജനവികാരം മാനിക്കണം. ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ഞാന്‍ സ്വാഗതം ചെയ്യുന്നതെന്ന വേണുഗോപാലിന്റെ നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാരും മാറുകയാണ്.
യുവതീ പ്രവേശനത്തിനെതിരെ വിശ്വാസി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ പ്രശ്നങ്ങൾ വിലയിരുത്താനായി കേന്ദ്ര ഇന്റലിജൻസ് സംഘവും കേരളത്തിലെത്തിയിരുന്നു. നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും ഇന്റലിജൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുരുന്നു.കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നേരിട്ടാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാനായി ഒരു ജനത മുഴുവൻ സമരത്തിലേക്കിറങ്ങിയിരിക്കുന്നത് ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സുപ്രീംകോടതി വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ നേരത്തെ തന്നെ വ്യക്തമാക്കയിരുന്നു. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ഇന്ദു മല്‍ഹോത്രയുടെ വിധിയാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം മാനിക്കാതെയാണ് കോടതി വിധി. സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതിപോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്ത്രീപ്രവേശനുണ്ടായാല്‍ ദൈവ കോപം ഉണ്ടാകുമെന്ന് വിശ്വാസികള്‍ ചിന്തിക്കുന്നുണ്ട്.
കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചിരുന്നു. വേണുഗോപാലിന്റെ നിലപാടിലേക്ക് മാറാന്‍ കേന്ദ്രവും ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്. യുവതീ പ്രവേശന കേസില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തതയുള്ള നിലപാട് എടുത്തിരുന്നില്ല. എന്നാല്‍ ഭക്തരുടെ പ്രതിഷേധം മനസ്സിലാക്കി നിലപാട് മാറ്റുകയാണ് മോദി സര്‍ക്കാര്‍.
Post Your Comments