KeralaLatest News

വിദേശയാത്ര നടത്തുന്നതില്‍ കേരള മന്ത്രിമാര്‍ മുന്‍പന്തിയില്‍ : കണക്കുകള്‍ പുറത്ത് : മന്ത്രിമാര്‍ നടത്തിയത് നാല്പ്പതിലധികം വിദേശയാത്രകള്‍

കോഴിക്കോട് : വിദേശയാത്ര നടത്തുന്നതില്‍ കേരള മന്ത്രിമാര്‍ മുന്‍പന്തിയില്‍ തന്നെയെന്ന് കണക്കുകള്‍. വിവരാവകാശ രേഖയിലാണ് ഈ കണക്കുകള്‍ ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 15 മന്ത്രിമാര്‍ 40 തവണയാണ് വിദേശ യാത്ര നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഏറ്റവുമധികം വിദേശയാത്ര നടത്തിയത്. 6 തവണ അദ്ദേഹം വിദേശത്തേക്കു പറന്നു. 3 തവണ അമേരിക്ക സന്ദര്‍ശിച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2 തവണ യുഎഇയിലും ഒരു തവണ ബഹ്‌റൈനിലും സന്ദര്‍ശനം നടത്തി.

5 തവണ വിദേശയാത്ര നടത്തിയ വി.എസ്.സുനില്‍കുമാറും കടകംപള്ളി സുരേന്ദ്രനുമാണ് മുഖ്യമന്ത്രിക്കു തൊട്ടുപിറകില്‍. സുനില്‍കുമാറിന്റെ 5 യാത്രകളും സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു. യുഎഇ, ശ്രീലങ്ക, ഇറ്റലി, അമേരിക്ക, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര നടത്തിയത്.

5 തവണയായി ഏഴു രാജ്യങ്ങളിലാണ് കടകംപള്ളി സുരേന്ദ്രന്‍ യാത്ര ചെയ്തത്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, യുഎഇ എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക യാത്രകള്‍ നടത്തിയ അദ്ദേഹം വത്തിക്കാനിലേക്കും അമേരിക്കയിലേക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കായി സഞ്ചരിച്ചു. മന്ത്രി കെ.രാജുവിന്റെ 2 യുഎഇ യാത്രകളും ഒരു ജര്‍മനി യാത്രയും സ്വകാര്യ ആവശ്യത്തിനായിരുന്നു.

3 തവണയായി 4 രാജ്യങ്ങളിലാണ് മന്ത്രി കെ.കെ.ശൈലജ യാത്ര നടത്തിയത്. ബ്രിട്ടന്‍, തായ്ലന്‍ഡ്, ശ്രീലങ്ക യാത്രകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും യുഎഇ യാത്ര സ്വകാര്യ ആവശ്യത്തിനുമായിരുന്നു.

തോമസ് ഐസക്കും എ.കെ.ബാലനും ടി.പി.രാമകൃഷ്ണനും 3 തവണ വിദേശയാത്ര നടത്തി. മേഴ്‌സിക്കുട്ടിയമ്മ, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ 2 തവണയാണ് വിദേശത്തുപോയത്. കെ.ടി.ജലീല്‍ റഷ്യയിലേക്കും മാത്യു. ടി.തോമസ് വത്തിക്കാനിലേക്കും ഓരോ തവണ ഔദ്യോഗികാവശ്യത്തിനു യാത്ര നടത്തി. ജി. സുധാകരന്‍ ഖത്തറിലേക്കും രാജിവയ്ക്കുന്നതിനുമുന്‍പ് തോമസ് ചാണ്ടി കുവൈത്തിലേക്കും സ്വകാര്യ ആവശ്യത്തിന് ഒരു തവണ യാത്ര നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button