Specials

ദീപാവലി നാളില്‍ വീട്ടില്‍ ഉണ്ടാക്കാം ചില മധുരവിഭവങ്ങള്‍

1)ബാദുഷ

ചേരുവകള്‍
അരക്കപ്പ് തൈര്
2 കപ്പ് മൈദ
2 കോഴിമുട്ടയുടെ വെള്ള
1 നുള്ള് ഉപ്പ്
1 നുള്ള് അപ്പക്കാരം
1 കിലോഗ്രാം പഞ്ചസാര
1 നുള്ള് ഏലക്കായപ്പൊടി
ആവശ്യത്തിന് വനസ്പതി

തയ്യാറാക്കുവിധം
മൈദ, അപ്പക്കാരം, ഏലക്കായപ്പൊടി, ഉപ്പ് എന്നിവ നന്നായി കൂട്ടിച്ചേര്‍ത്ത് കുഴച്ചതിനു ശേഷം അതിലേക്ക് 100 ഗ്രാം വനസ്പതി, 100 ഗ്രാം പഞ്ചസാര, കേഴിമുട്ടയുടെ വെള്ള എന്നിവ അടിച്ചു ചേര്‍ത്ത് കട്ടിയില്‍ കുഴച്ചെടുക്കുക. കുഴയ്ക്കുമ്പോള്‍ പതം വരാന്‍ തൈര് ചേര്‍ത്ത് കൊടുക്കാം.

നന്നായി കുഴച്ച് പതം വരുത്തിയതിന് ശേഷം അരമണിക്കൂര്‍ നേരം വെക്കുക. ബാക്കി പഞ്ചസാര രണ്ടു ഗ്‌ളാസ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് രണ്ട് നൂല്‍ പാകത്തില്‍ ഇറക്കിവെക്കുക. കുഴച്ച് മാറ്റിവെച്ച മാവ് ചെറിയ ഉരുളകളാക്കി കൈയിലെടുത്ത് ചെറുതായി പരത്തി ചീനച്ചട്ടിയില്‍ വനസ്പതിയൊഴിച്ച് ചെറിയചൂടില്‍ വറുത്തെടുക്കുക.

ഇത് ചൂടോടെ നേരത്തേ തയ്യാറാക്കിവെച്ചിട്ടുള്ള പഞ്ചസാരപ്പാവില്‍ മുക്കിത്താഴ്ത്തി പതിനഞ്ച് മിനിറ്റിനുശേഷം കോരിയെടുത്ത് ചൂടാറിയാല്‍ ഉപയോഗിക്കാം.

2)കാജ

ചേരുവകള്‍
ഒന്നരക്കിലോ പഞ്ചസാര
3 കപ്പ് മൈദ
2 കോഴിമുട്ടയുടെ വെള്ള
1 നുള്ള് ഉപ്പ്
1 നുള്ള് അപ്പക്കാരം
1 നുള്ള് ഏലയ്ക്കാപ്പൊടി
1 നുള്ള് വീതം ഫുഡ് കളര്‍ (മഞ്ഞ, ഓറഞ്ച്)
ആവശ്യത്തിന് വനസ്പതി

തയ്യാറാക്കുവിധം
മൈദ ഓരോകപ്പ് വീതം മഞ്ഞ, ഓറഞ്ച് ഫുഡ് കളര്‍, അല്പം ഉപ്പ്, അപ്പക്കാരം കോഴിമുട്ടയുടെ വെള്ള (അല്ലെങ്കില്‍ അല്പം വനസ്പതി) എന്നിവ ചേര്‍ത്ത് അധികം ലൂസാവാതെ വെവ്വേറെ പതത്തില്‍ കുഴച്ചെടുക്കുക. 1 കപ്പ് മൈദ നിറം ചേര്‍ക്കാതെ ബാക്കിയുള്ളവ ചേര്‍ത്ത് കുഴച്ചെടുക്കുക.

മൂന്ന് തരത്തില്‍ കുഴച്ചെടുത്ത മാവും ഉരുളകളാക്കി മാറ്റി നൈസായി പരത്തിയെടുക്കുക. പഞ്ചസാര 5 ഗ്‌ളാസ് വെള്ളത്തില്‍ തിളപ്പിച്ച് പാവാക്കി മാറ്റിവെക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കിയതിനു ശേഷം നേരത്തെ പരത്തിവെച്ച പത്തിരി ഒന്നിനു മുകളില്‍ ഒന്നായി അട്ടിവെച്ച് അല്പം വീതിയില്‍ ചതുരത്തില്‍ മുറിച്ചെടുക്കണം.

അതിന് മുമ്പേ ഓരോ പത്തിരിക്കും ഇടയില്‍ അല്പം ഉരുക്കിയ നെയ്യ് തൂവാന്‍ മറക്കരുത്. ഇങ്ങനെ മുറിച്ചെടുത്ത പത്തിരി റോളുപോലെ മടക്കി മിഠായി പോലെ പിരിച്ച ആകൃതിയിലാക്കി വറുത്തെടുക്കണം. മുമ്പേ തയ്യാറാക്കിയ പഞ്ചസാരപ്പാനിയില്‍ പത്തുമിനിറ്റ് മുക്കിവെച്ചാല്‍ ചൂടുപറക്കും കാജയായി.

പഞ്ചസാരപ്പാനിയില്‍ ഏലക്കായ പൊടിച്ചത് ചേര്‍ക്കാന്‍ മറക്കരുത്. ഇത് നമുക്ക് വിവിധ ആകൃതിയില്‍ ഉണ്ടാക്കാം.

3) മിക്‌സഡ്ഫ്രൂട്ട് ലഡു

ചേരുവകള്‍
2 കപ്പ് കാരയ്ക്ക ചെറുതായി അരിഞ്ഞത്
2 ടേബിള്‍ സ്പൂണ്‍ പശുനെയ്യ്
2 ടേബിള്‍ സ്പൂണ്‍ കിസ്മിസ്
2 ടേബിള്‍ സ്പൂണ്‍ ചെറിസ്
2 അണ്ടിപ്പരിപ്പ് പൊട്ട്
കാല്‍ക്കപ്പ് ബദാം അരിഞ്ഞത്
അരക്കപ്പ് തേങ്ങ ചിരകിയത്
6 അത്തിപ്പഴം ചീന്തിയത്
1 നുള്ള് ഏലയ്ക്കാപ്പൊടി
1 നുള്ള് ജാതിക്കപ്പൊടി
500 ഗ്രാം പഞ്ചസാര
100 ഗ്രാം നെയ്യ്

തയ്യാറാക്കുവിധം
ബദാം അരിഞ്ഞത്, അണ്ടിപ്പരിപ്പ് പൊട്ട്, കിസ്മിസ്, ചെറിസ്, അത്തിപ്പഴം ചീന്തിയത് എന്നിവ നന്നായി മിക്‌സ് ചെയ്ത് ഒരു പരന്ന പാത്രത്തില്‍ വിതറിയിടുക. അടിപര കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര തിളപ്പിക്കുക.

രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ അരിച്ച തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളക്കിയതിന് ശേഷം അത് വാങ്ങി നേരത്തെ പരത്തിവെച്ച മിക്‌സഡ് ഫ്രൂട്ട് പാത്രത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

പശുനെയ്യ് ജാതിക്കാപ്പൊടി, ഏലയ്ക്കാപ്പൊടി, നെയ്യ് എന്നിവ ചേര്‍ത്തതിന് ശേഷം നന്നായി ഇളക്കി ചൂടാറിയാല്‍ ഉരുട്ടിയെടുക്കുക. മിക്‌സഡ്ഫ്രൂട്ട് ലഡു തയ്യാര്‍.

4) ചോക്ലേറ്റ് ബര്‍ഫി

ചേരുവകള്‍
അരക്കപ്പ് കൊക്കൊ പൗഡര്‍
1 കപ്പ് കടലപ്പൊടി
1 നുള്ള് ഏലക്കാപ്പൊടി
2 ടേബിള്‍ സ്പൂണ്‍ പശുനെയ്യ്
6 കശുവണ്ടിപ്പരിപ്പ്
6 ബദാം
500 ഗ്രാം പഞ്ചസാര
100 ഗ്രാം നെയ്യ്

തയ്യാറാക്കുവിധം
കടലപ്പൊടി നന്നായി കട്ടയുടച്ചതിനു ശേഷം അരിച്ച് കൊക്കൊ പൗഡര്‍ ചേര്‍ത്ത് നന്നായി തിരുമ്മിവെക്കുക. അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര ഒരു ഗ്‌ളാസ് വെള്ളമൊഴിച്ച് തിളപ്പിക്കുക.

പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ അരിച്ച് കൊക്കൊ പൗഡര്‍ ചേര്‍ത്ത് തിരുമ്മിവെച്ച കടലപ്പൊടികൂട്ട് കുറേശ്ശെ ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക.

അതിനോടൊപ്പം നെയ്യും ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. പാത്രത്തില്‍ നിന്ന് വിട്ടുപോരുന്ന പരുവത്തിലെത്തിയാല്‍ അടുപ്പില്‍ നിന്നിറക്കി പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം.

ഒഴിച്ച് ചൂടാറാന്‍ വെക്കുന്ന പാത്രത്തില്‍ നെയ്യ് പുരട്ടാന്‍ മറക്കരുത്. അതില്‍ അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി അലങ്കരിക്കാം.

5) പൈനാപ്പിള്‍ ബര്‍ഫി

ചേരുവകള്‍
2 ഗ്‌ളാസ് പൈനാപ്പിള്‍ ജ്യൂസ് (കട്ടിയുള്ളത്)
2 ടേബിള്‍ സ്പൂണ്‍ പശുനെയ്യ്
1 കപ്പ് കടലപ്പൊടി
500 ഗ്രാം പഞ്ചസാര
100 ഗ്രാം നെയ്യ്

തയ്യാറാക്കുവിധം
അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര പൈനാപ്പിള്‍ ജ്യൂസ് ഒഴിച്ച് തിളപ്പിക്കുക. കടലപ്പൊടി നന്നായി കട്ടയുടച്ചതിനു ശേഷം അരിച്ച് മാറ്റിവെക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ അരിച്ച് മാറ്റിവെച്ചിരിക്കുന്ന കടലപ്പൊടി ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം.

പിന്നീട് നെയ്യ് ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നിറക്കി നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം. അതില്‍ ബദാം, അണ്ടിപ്പരിപ്പ്, ചെറീസ് എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി അലങ്കരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button