ചാണക്യ തന്ത്രവുമായി വീണ്ടും അമിത് ഷാ; ശബരിമല വിഷയത്തില്‍ പുതിയ നീക്കങ്ങള്‍

സന്യാസി സമൂഹത്തെ കൂടി സമരരംഗത്തിറക്കാനും ബിജെപി ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം: ചാണക്യ തന്ത്രവുമായി വീണ്ടും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ശിവഗിരിയിലെ മഹാസമാധി നവതിയാഘോഷങ്ങളില്‍ പങ്കെടുക്കാനായി അദ്ദേഹം ഇന്ന് കേരളത്തിലെത്തും. എന്നാല്‍ കേരളത്തിലേക്കുള്ള വരവിന് മറ്റ് പല ഉദ്ദേശങ്ങളുമുണ്ട്. ശബരിമല സമരത്തില്‍ സന്യാസിമാരെക്കൂടി ഒപ്പം നിര്‍ത്താനും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാര്‍ട്ടികളില്‍ നിന്നും പ്രമുഖരെ ബി.ജെ.പിയിലെത്തിക്കാനുമാണ് ബിജെപിയുടെ ലക്ഷ്യം.

ഉച്ചകഴിഞ്ഞ് ശിവഗിരിയിലെത്തുന്ന അമിത്ഷായ്ക്ക് ഈ ദൗത്യം കൂടിയുണ്ട്. ശിവഗിരി സന്ദര്‍ശനത്തിനുശേഷം തലസ്ഥാനത്ത് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ തുടര്‍സമരങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ അമിത്ഷാ നല്‍കും. ജി.രാമന്‍ നായരെ ബിജെപിയിലെത്തിച്ചപോലെ ശബരിമല പ്രശ്‌നത്തില്‍ മറ്റുപാര്‍ട്ടികളിലെ ഇടഞ്ഞു നില്‍ക്കുന്നപ്രമുഖനെ കൂടി ബിജെപി ലക്ഷ്യമിടുന്നുണ്ട്.

സന്യാസി സമൂഹത്തെ കൂടി സമരരംഗത്തിറക്കാനും ബിജെപി ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതീ പ്രവേശ സമരങ്ങളിലെല്ലാം നേരിട്ടുള്ള ഇടപെടലും ദേശീയനേതൃത്വം നടത്തിയിരുന്നു. ബിഡിജെഎസിലൂടെ എസ്.എന്‍.ഡി.പിയിലേക്ക് എത്താന്‍ കഴിഞ്ഞെങ്കിലും എന്‍.എസ്.എസ് ബി.ജെ.പിയെ അടുപ്പിച്ചിരുന്നില്ല. ചര്‍ച്ചക്ക് പലതവണ ആഗ്രഹം പ്രകടിപ്പിച്ച ബിജെപി നേതാക്കളെ കാണാന്‍ പോലും സുകുമാരന്‍ നായര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ എന്‍.എസ്.എസിന്റെ നാമജപയാത്രയും അതിനെതിരായ പൊലീസ് കേസും ബി.ജെപിക്ക് ഏറെ ആവേശം പകര്‍ന്നിട്ടുണ്ട്

Share
Leave a Comment