ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിനെതിരെ നിലക്കലിലും പമ്പയിലും സമരം നടത്തിയ അയ്യപ്പ ഭക്തർക്കെതിരായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഒക്ടോബർ 17ന് നിലക്കലിൽ സമാധാന പരമായി നാമജപം നടത്തിവന്ന അയ്യപ്പ ഭക്തരെ അകാരണമായി പൊലീസ് തല്ലിച്ചതക്കുകയായിരുന്നുവെന്നും ഇത് അന്വേഷിച്ച് വേണ്ട നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് കമ്മീഷന് പരാതി ലഭിച്ചത്.
അതിക്രമം നടത്തിയ പൊലീസ് ഓഫീസർമാരുടെ പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ പോലീസ് സമരക്കാരുടെ വാഹനങ്ങൾ തല്ലി തകർക്കുന്ന വീഡിയോയും കമ്മീഷന് നൽകിയിട്ടുണ്ട്. ശബരിമല അയ്യപ്പ സേവാ സമാജം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്.
ഈ പരാതി കമ്മീഷൻ പരിഗണിക്കുന്നുവെന്നും അതിനാൽ രണ്ടാഴ്ചക്കകം സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയ്ക്ക് അയച്ച നോട്ടീസിൽ പറയുന്നു.
Post Your Comments