ഒറ്റപ്പാലം: പാട്ടത്തിനെടുത്ത കെട്ടിടത്തിന് കുടിശ്ശിക നല്കാത്തതിനാല് ഒറ്റപ്പാലം കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ വസ്ത്രനിര്‍മാണശാല പൂട്ടി. താല്ക്കാലികമായാണ കിന്‍ഫ്രയുടെ നടപടി. പാട്ടക്കരാര്‍ പ്രകാരം പ്രതിമാസം അടയ്ക്കേണ്ട തുക കുടിശികയായി 4 കോടിയില്‍ എത്തിയതാണ് കിന്‍ഫ്രയുടെ നടപടിക്ക് കാരണമായത്. ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നാലുനില കെട്ടിടമാണ് പൂട്ടിയത്.
പ്രതിമാസം 17 ലക്ഷം രൂപ നിരക്കിലായിരുന്നു പാട്ടത്തുക. എന്നാല്‍ ഈ തുക കുടിശ്ശികയടക്കം നാലു കോടിയില്‍ എത്തിയിരുന്നു. 4 കോടിയോളം കുടിശികയായിരിക്കെ, 1993ലെ കേരള വ്യവസായ അടിസ്ഥാന സൗകര്യ വികസന നിയമം അനുസരിച്ചാണു നടപടിയെന്നു കിന്‍ഫ്ര അധികൃതര്‍ അറിയിച്ചു. കുടിശിക തീര്‍ക്കാന്‍ അനുവദിച്ച കാലാവധികളെല്ലാം കഴിഞ്ഞതോടെ നിയമാനുസൃതം നോട്ടിസ് നല്കുന്ന നടപടികളും പൂര്‍ത്തിയാക്കിയാണു പൂട്ടി, സീല്‍ ചെയ്തത്. കുടിശിക തീര്‍ത്താല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അല്ലാത്തപക്ഷം കിന്‍ഫ്രയുടെ നഷ്ടം നികത്താനുള്ള കണ്ടുകെട്ടല്‍ നടപടികളിലേക്കു പ്രവേശിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
റെഡിമേഡ് വസ്ത്രനിര്‍മാണശാലയില്‍ നിരവധി സ്ത്രീകളടക്കം മുന്നൂറില്‍പ്പരം ജീവനക്കാരുണ്ടായിരുന്നു, ഇവരുടെ വേതനവും കുടിശികയായിരുന്നെന്നു പറയപ്പെടുന്നു. സ്ഥാപന ഉടമയും കിന്‍ഫ്ര അധികൃതരുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ഇന്ന് സ്ഥാപനം തുറക്കാന്‍ ധാരണയായതായി രാത്രി വൈകി വിവരം ലഭിച്ചു.
Post Your Comments