Latest NewsNews

പുന്നപ്രവയലാര്‍ ബലികുടീരത്തില്‍ ചെരുപ്പ് ധരിച്ച്‌ കയറി: പ്രവർത്തകർക്കിടയിൽ അമർഷം

ആലപ്പുഴ: പുന്നപ്രവയലാര്‍ സമരവാരാചരണത്തിന്റെ ഭാഗമായി നടന്ന പുഷ്പാര്‍ച്ചനയില്‍ പുന്നപ്ര സമരഭൂമിയിലെ ബലികുടീരത്തില്‍ സിപിഎം നേതാവ് ചെരുപ്പ് ധരിച്ച്‌ കയറിയത് വിവാദത്തിലേക്ക്. നൂറുകണക്കിന് അണികളുടെയും നേതാക്കളുടെയും സാന്നിധ്യത്തിലാണ് ഇയാൾ ചെരുപ്പ് ധരിച്ച്‌ ബലികൂടീരത്തിൽ ചവിട്ടി നിന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം പി.പി. ചിത്തരഞ്ജനാണ് ഇത്തരത്തിൽ രക്തസാക്ഷികളെ അവഹേളിച്ചത്.

പുന്നപ്രവയലാര്‍ സമര നായകനെന്ന് സിപിഎം ഉയർത്തിക്കാട്ടുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും, മന്ത്രി ജി. സുധാകരനും അടക്കമുള്ള പ്രമുഖര്‍ പുഷ്പചക്രം അര്‍പ്പിക്കുമ്പോഴാണ് ചിത്തരഞ്ജന്‍ ബലികുടീരത്തില്‍ കയറിയത്. നൂറ് കണക്കിന് പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവര്‍ ബലികുടീരത്തില്‍ ചവിട്ടാതെ താഴെ നിന്നാണ് പുഷ്പാര്‍ച്ചന നടത്തുകയും, പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തത്.

വിഎസ് പുഷ്പചക്രം അര്‍പ്പിക്കുമ്പോള്‍ മാദ്ധ്യമങ്ങള്‍ ചിത്രമെടുത്തിരുന്നു. ഫോട്ടോയില്‍ തന്റെ മുഖം വരുന്നതിന് വേണ്ടിയാണ് ചിത്തരഞ്ജന്‍ രക്തസാക്ഷികളെ പോലും അപമാനിച്ച്‌ ബലികുടീരത്തില്‍ ചെരുപ്പ് ധരിച്ച്‌ കയറിയതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടിക്ക് ഏറെ വൈകാരിക ബന്ധമുള്ള സമരഭൂമിയിലെ ബലികുടീരത്തെ മുതിര്‍ന്ന നേതാവ് തന്നെ അവഹേളിച്ചതിനെതിരെ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്. മറ്റു രാഷ്ട്രീയ കക്ഷികള്‍ പോലും ആദരവോടെയാണ് പുന്നപ്രയിലെ രക്തസാക്ഷികളെ കാണുന്നതെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button