KeralaLatest NewsIndia

ഭരണ പ്രതിപക്ഷ അംഗങ്ങളുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ കൗണ്‍സിലറുടെ ആശ്ലീല സന്ദേശം, വെട്ടിലായി സി.പി.എം

സി.പി. എം ലോക്കല്‍ കമ്മിറ്റി അംഗം ഒരു യുവതിയുമായി ഫോണില്‍ സംസാരിച്ചതിന്റെ റെക്കാര്‍ഡ് ചെയ്ത ഭാഗങ്ങളാണ് മേയര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കൗണ്‍സിലേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ കക്ഷിയായ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ ഫോണ്‍ കെണി വിവാദം ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം വിളിക്കണമെന്ന ആവശ്യവും ശക്തമായി. ഒരു സി.പി. എം ലോക്കല്‍ കമ്മിറ്റി അംഗം ഒരു യുവതിയുമായി ഫോണില്‍ സംസാരിച്ചതിന്റെ റെക്കാര്‍ഡ് ചെയ്ത ഭാഗങ്ങളാണ് മേയര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

സന്ദേശത്തില്‍ വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യതയും ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും അടങ്ങിയിരുന്നു. 31ന് നിശ്ചയിച്ച കൗണ്‍സില്‍ യോഗം നേരത്തെയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. കോര്‍പ്പറേഷന്‍ ഭരണം തിരിച്ചുപിടിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ച‌ര്‍ച്ച ചെയ്യുന്നതിനായി 28ന് അടിയന്തര യു.ഡി. എഫ് യോഗം വിളിച്ചു ചേര്‍ത്തിട്ടുമുണ്ട്.കോര്‍പ്പറേഷന്‍ മേയര്‍ അഡ്മിനായുള്ള ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെട്ട കൗണ്‍സിലേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പാര്‍ട്ടി പോരും അനാശാസ്യ വാര്‍ത്തകളും ഉള്‍പ്പെടുന്ന ശബ്ദ സന്ദേശം ഒരു സി.പി. എം കൗണ്‍സിലറുടെ നമ്പറില്‍ നിന്നു പോസ്റ്റ് ചെയ്തതാണ് വിവാദത്തിനിടയാക്കിയത്.

ഇതോടെ മേയര്‍ സ്വയം വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തു പോയി. മറ്റൊരു അഡ്മിനായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ ഗ്രൂപ്പ് പിരിച്ചുവിടുകയും ചെയ്തു. സി.പി. എമ്മിനുള്ള ചില ആഭ്യന്തരപ്രശ്നങ്ങളും ഗ്രൂപ്പ് പോരുകളും സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. സി.പി. എം കണ്ണൂര്‍ ഏരിയാ കമ്മിറ്റിയാണ് വിവാദം അന്വേഷിക്കുന്നത്. പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ അശ്ലീല സന്ദേശമിട്ടവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സന്ദേശം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പടെ കിട്ടിയെന്നറിഞ്ഞപ്പോള്‍ ഷെയര്‍ ചെയ്യരുതെന്ന് ഇദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചതായും പറയപ്പെടുന്നു.അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതെന്നാണ് വിശദീകരണം.

ശബ്ദ സന്ദേശം പുറത്തായതോടെ ലോക്കല്‍ കമ്മിറ്റി അംഗത്തോട് പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും മാറിനില്‍ക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വനിതാ കൗണ്‍സില്‍ അംഗത്തിന്റെ ഭര്‍ത്താവിനെതിരെ ലൈംഗികാരോപണത്തിന് കാരണമായ മറ്റൊരു കൗണ്‍സിലര്‍ തന്നെയാണെന്നതാണ് സി.പി. എമ്മിനെ പ്രതിരോധത്തിലാക്കിയത്. അതേ സമയം യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം റെക്കാര്‍ഡ് ചെയ്ത് പുറത്തുവിട്ടതിന് പിന്നില്‍ സി.പി. എമ്മിലെ ഗ്രൂപ്പ് പോരാണെന്നും പറയപ്പെടുന്നു.

കോര്‍പ്പറേഷനില്‍ ഒരു വിമത കോണ്‍ഗ്രസ് അംഗമായ പി.കെ. രാഗേഷിന്റെ പിന്തുണയോടെയാണ് എല്‍.ഡി. എഫ് ഭരണം നടത്തുന്നത്. രാഗേഷിനെ തിരിച്ചു കൊണ്ടുവരാനുള്ള നീക്കം അണിയറയില്‍ സജീവമായ സന്ദര്‍ഭത്തിലാണ് യു.ഡി. എഫിന് മറ്റൊരു ആയുധം കൂടി വീണുകിട്ടിയത്. വിവാദം ഭരണത്തെ ബാധിക്കുമെന്ന ആശങ്കയുള്ളതിനാല്‍ പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button