സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജലസുരക്ഷാക്കാര്യത്തില്‍ കേരള സമൂഹത്തില്‍ മനംമാറ്റമുണ്ടാകാതിരിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച നദീ പുനരുജ്ജീവന ശില്പശാല ഉദ്ഘാടനവും നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017ല്‍ സംസ്ഥാനം അഭിമുഖീകരിച്ച വലിയ വരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ജലസുരക്ഷയെക്കുറിച്ച് നാം ചിന്തിച്ച് തുടങ്ങിയത്. നദീതീരങ്ങളിലെ കയ്യേറിയ ഭൂമി വീണ്ടെടുക്കല്‍ മാത്രമല്ല, ജലവിനിയോഗത്തിനുവേണ്ട ഇടപെടല്‍ സംബന്ധിച്ച കാഴ്ചപ്പാടുകളും നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. പ്രളയത്തിനുശേഷം നദികളില്‍ ജലം താണുപോയ സ്ഥിതിവിശേഷം ആശങ്കയുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
നദികളിലുണ്ടാകുന്ന എല്ലാത്തരം കയ്യേറ്റങ്ങളും ആപത്കരങ്ങളാണ്. കേരളത്തില്‍ ശരാശരി ഒരു വര്‍ഷം ലഭിക്കുന്ന മഴ 75,000 ദശലക്ഷം ഘനമീറ്റാണ്. നദികളില്‍ ഉള്‍ക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവ് 2000 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാവുകയും മൂന്നു ദിവസം നിര്‍ത്താതെ പെയ്ത മഴയില്‍ 16,800 ദശലക്ഷം ഘനമീറ്റര്‍ വെള്ളം നദികളിലേക്ക് ഒഴുകുകയും ചെയ്തത്. കേരളം ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ പ്രളയത്തിന് കാരണമായതിതാണ്. അതിതീവ്ര മഴയുണ്ടാവുമ്പോള്‍ വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്ന വിധത്തില്‍ നദികളുടെ വീതിയും ആഴവും നീളവും സംരക്ഷിക്കപ്പെടണമെന്നാണ് പ്രളയം നമുക്ക് നല്‍കിയ പാഠം. ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാനത്തൊട്ടാകെ ധാരാളം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് നദീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടു പോവുകയാണ്. ഒന്നാംഘട്ടം വലിയ വിജയമായിരുന്നു. നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ പദ്ധതികളുണ്ടാവണമെന്നും നദീസംരക്ഷണപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കരുതെന്നും മന്ത്രി പറഞ്ഞു. നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് മന്ത്രി മാത്യു ടി. തോമസില്‍ നിന്നും നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ ഏറ്റുവാങ്ങി.
നദീ പുനരുജ്ജീവനവും പുനരുദ്ധാരണവും നമ്മുടെ നാട്ടില്‍ അസാധ്യമായ കാര്യമല്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ഇതോടനുബന്ധിച്ച് പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവ നേരിടാനുള്ള ജനകീയ ഇച്ഛാശക്തി രൂപപ്പെടുത്തിയെടുക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് പുഴ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങളും ഇതിനായി ജനകീയ ഇടപെടലുകള്‍ നടത്തിയവരെ പങ്കെടുപ്പിച്ചുകൊണ്ട് ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ ‘നദീ പുനരുജ്ജീവനം ഭാവി പരിപ്രേക്ഷ്യം’ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ജനകീയമാകുമ്പോള്‍ കയ്യേറ്റക്കാര്‍ക്കുപോലും പിടിച്ചു നില്‍ക്കാനാവില്ലെന്ന് ഡോ.തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഡോ. എന്‍. ജയരാജ്, ടൈസണ്‍ മാസ്റ്റര്‍, കണ്ണൂര്‍ മേയര്‍ ഇ.പി. ലത തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാനത്തെ വിവിധ നദീ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിച്ചവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും സെമിനാറില്‍ പങ്കുവച്ചു.
Post Your Comments