Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കാന്‍ ‘കിക്ക് ഓഫ്’ പദ്ധതിയുമായി കായിക വകുപ്പ്

ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു പരിശീലനകേന്ദ്രമെങ്കിലും ഉണ്ടായിരിക്കും

കുട്ടികളില്‍നിന്ന് ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം ലഭ്യമാക്കാന്‍ ‘കിക്ക് ഓഫ്’ ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ പരിശീലന പദ്ധതി കായികവകുപ്പ് ആരംഭിക്കുമെന്ന് കായികവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 24ന് കണ്ണൂര്‍ കല്യാശ്ശേരി കെ.പി.ആര്‍.ജി.എച്ച്.എസ്.എസില്‍ നടക്കും. ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു പരിശീലനകേന്ദ്രമെങ്കിലും ഉണ്ടായിരിക്കും. ഒരു ജില്ലയില്‍ 25 പേര്‍ക്കാണ് പരിശീലനം. 18 കേന്ദ്രങ്ങളാണ് സംസ്ഥാനവ്യാപകമായി തുടങ്ങുക. ആദ്യഘട്ടത്തില്‍ എട്ടു സെന്ററുകളില്‍ പരിശീലനം ആരംഭിക്കും. 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് അവസരം.

കോഴിക്കോട് കുറുവത്തൂര്‍ പായമ്പ്ര ജി.എച്ച്.എസ്.എസ്, കാസര്‍കോട് പടന്ന ജി.എഫ്.എച്ച്.എസ്.എസ്, തൃശൂര്‍ എരുമപ്പെട്ടി ജി.എച്ച്.എസ്.എസ്, കണ്ണൂര്‍ കല്യാശ്ശേരി കെ.പി.ആര്‍.എം.ജി.എച്ച്.എസ്.എസ്, പാലക്കാട് പട്ടാമ്പി ജി.എച്ച്.എസ്.എസ്, കണ്ണൂര്‍ കൂടാളി കെ.എച്ച്.എസ്.എസ്, മലപ്പുറം കോട്ടയ്ക്കല്‍ ജി.ആര്‍.എച്ച്.എസ്.എസ്, വയനാട് പനമരം ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് ആദ്യഘട്ടം പരിശീലനം ആരംഭിക്കുക.
കിക്ക് ഓഫ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ www.sportskeralakickoff.org ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് മൊബൈല്‍ ഫോണില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ എസ്.എം.എസ് ആയി ലഭിക്കും.

പദ്ധതിയുടെ ഭാഗമായി വിദേശ പരിശീലകരുടെ സാങ്കേതിക സഹായം, പരിശീലന മത്സരങ്ങള്‍, സ്‌പോര്‍ട്‌സ് കിറ്റ്, ഭക്ഷണം എന്നിവ ലഭ്യമാക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം ഒന്നരമണിക്കൂര്‍ വീതമാണ് ശാസ്ത്രീയ പരിശീലനം നല്‍കുക. പദ്ധതിയുടെ സുഖകരമായ നടത്തിപ്പിന് സംസ്ഥാനതലത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റിയും സ്‌കൂളുകളില്‍ സ്ഥലം എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘കിക്ക് ഓഫ്’ പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കായിക യുവജന കാര്യാലയം, വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് കായിക ഭവന്‍ നിര്‍മിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കായികമേഖലയിലെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 57 സ്‌റ്റേഡിയങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 700 കോടി രൂപയുടെ പ്രവൃത്തിയാണ് കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവെച്ചിട്ടുള്ളത്.

കായിക വകുപ്പിനു കീഴില്‍ നിര്‍മ്മിച്ച പിണറായി സ്വിമ്മിംഗ് പൂള്‍ നവംബര്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട ധര്‍മ്മടം അബു ചാത്തുക്കുട്ടി സ്‌റ്റേഡിയം, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്‌റ്റേഡിയം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം നവംബര്‍ ആറിന് നടക്കും.
പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ ആധുനികരീതിയിലുള്ള മള്‍ട്ടി ജിംനേഷ്യം എട്ടു സ്‌റ്റേഡിയങ്ങളില്‍ സജ്ജമായി വരുന്നതായും മന്ത്രി അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കായികവകുപ്പ് സെക്രട്ടറി ഡോ. എ. ജയതിലക്, കായിക-യുവജനക്ഷേമ ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button