കൊച്ചി: കൊച്ചി നഗരസഭയ്ക്ക് ഒരുകോടി രൂപ പിഴ. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഒരുകോടി രൂപ പിഴ ചുമത്തിയത്. ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മാണം അനിശ്ചിതമായി വൈകുന്നതിനെ തുടര്‍ന്നാണ് നടപടി. ആറുമാസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
മാലിന്യനിര്‍മാര്‍ജനത്തില്‍ കൊച്ചി നഗരസഭയുടെ അലംഭാവം ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രൈബ്യൂണലിന്റെ വിധി. ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് ഒരുകോടി രൂപ പിഴ ആണ് കോര്‍പ്പറേഷനെതിരെ ചുമത്തിയത്. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിന് ശിലാസ്ഥാപനം നിര്‍വഹിച്ചതല്ലാതെ, നിര്‍മാണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
ഖരമാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും ഹൈക്കോടതി നിയോഗിച്ച മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങളും കൊച്ചി നഗരസഭ പാലിച്ചില്ലെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. ഒരുകോടി രൂപ പിഴത്തുകയില്‍ 50 ലക്ഷം രൂപ വീതം തുക കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡുകള്‍ക്ക് നല്‍കണം. ആറുമാസത്തിനുള്ളില്‍ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണം. ഗ്യാരണ്ടി തുകയായി മൂന്നുകോടി രൂപ പതിനഞ്ചു ദിവസത്തിനുള്ളില്‍ സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡില്‍ കെട്ടിവയ്ക്കണം. നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വൈകിയാല്‍ ഗ്യാരണ്ടി തുക നഷ്ടമാകും.
വൈകുന്ന ഓരോ ദിവസത്തിനും രണ്ട് ലക്ഷം രൂപ വീതം പിഴയും ഈടാക്കും. ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിസംരക്ഷണവും കണക്കിലെടുത്ത് മാലിന്യനിര്‍മാര്‍ജനത്തിനാണ് കൊച്ചി നഗരസഭ ഏറ്റവും മുന്‍ഗണന നല്‍കേണ്ടതെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. ബ്രഹ്മപുരത്ത് തള്ളിയിരിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മാലിന്യനിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ച് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും കൊച്ചി നഗരസഭയ്ക്ക് ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി.
Post Your Comments