തിരുവനന്തപുരം: ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചു ശാസ്ത്രീയ കാഴ്ചപ്പാടോടെ അന്വേഷണം നടത്തുന്നവരാകണം വിദ്യാര്‍ഥികളെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. പ്രപഞ്ച പ്രതിഭാസങ്ങളോടുള്ള ചോദ്യങ്ങളും അവയ്ക്ക് ഉത്തരങ്ങളും കണ്ടെത്തപ്പെട്ടതാണ് ആധുനിക ലോകത്തിലെ പല കണ്ടുപിടിത്തങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിര്‍മിക്കുന്ന ശാസ്ത്ര പാര്‍ക്കിന്റെ ജില്ലാതല ഉദ്ഘാടനം തൈക്കാട് മോഡല്‍ ബോയ്‌സ് എച്ച്.എസ്.എസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മാനവരാശിക്ക് ഉത്തരം കാണാന്‍ കഴിയാത്ത പല പ്രതിഭാസങ്ങളും ഇപ്പോഴും പ്രപഞ്ചത്തിലുണ്ട്. വരുംതലമുറ അതിന് ഉത്തരം കണ്ടെത്തും. അതിനു വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിനാണു സമഗ്രമായ ശാസ്ത്ര വിദ്യാഭ്യാസം വിദ്യാലങ്ങളില്‍ ഒരുക്കുന്നത്. സ്‌കൂള്‍ ശാസ്ത്ര പാര്‍ക്ക് പോലുള്ള പദ്ധതികള്‍ ഇതിനു മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാലയങ്ങളില്‍ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ശാസ്ത്ര ചിന്തയും അന്വേഷണവും വിദ്യാര്‍ഥികളില്‍ വളര്‍ത്തുന്നതിനുമായാണു സ്‌കൂള്‍ ശാസ്ത്ര പാര്‍ക്ക് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 90 വിദ്യാലയങ്ങളിലാണു ശാസ്ത്ര പാര്‍ക്ക് നിര്‍മിക്കുന്നത്. 11 സ്‌കൂളുകളില്‍ നിര്‍മാണം പൂര്‍ത്തിയായി. ഇവിടേയ്ക്കുള്ള ഉപകരണങ്ങളുടെ വിതരണവും ഉദ്ഘാടന വേദിയില്‍ നടന്നു.
കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. സുദര്‍ശനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫിസര്‍ ബി. ശ്രീകുമാരന്‍, പൊതുവിദ്യാഭ്യാസ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ജവാദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.എം. ഷൈലജ ഭായി, ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ എ. നജീബ്, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ആര്‍. സുരേഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ ജെ.കെ. എഡിസണ്‍, ഹെഡ്മാസ്റ്റര്‍ ആര്‍.എസ്. സുരേഷ് ബാബു എന്നിവരും പ്രസംഗിച്ചു.
Post Your Comments