തിരുവനന്തപുരം: രോഗശാന്തിക്കായി പ്രാര്‍ത്ഥന നടത്തുന്ന പെന്തകോസ്ത് പാസ്റ്ററുടെ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു. പേരൂര്‍ക്കട സ്വദേശിയായ 13കാരിയാണ് മരിച്ചത്. പേരൂര്‍ ലൈനും പരിസരവും കേന്ദ്രീകരിച്ചാണ് പാസ്റ്റര്‍ മതപരിവര്‍ത്തനവും രോഗശാന്തി ശുശ്രൂഷയും നടത്തുന്നത്. ഇയാള്‍ ബ്ലാക്ക് മാജിക് ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ നടത്തിയിരുന്നു. ജന്മഭൂമിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയിരുന്നെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് ഇതെല്ലം ഒതുക്കുകയായിരുന്നുവെന്നാണ് പരാതി .
ഈമാസം 17 ന് ആണ് പെണ്‍കുട്ടി മരിച്ചത്. ജൂണ്‍മുതല്‍ കുട്ടി സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല. സെപ്തംബര്‍ പകുതിയോടെ കുട്ടിയുടെ നിലവിളി അയല്‍വാസിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി കഴിഞ്ഞമാസം 20 ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാസ്റ്ററും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം 2010ല്‍ ആണ് വാടകയ്ക്ക് വീടെടുക്കുന്നത്. ആദ്യം പുറത്ത് പോയി സുവിശേഷപ്രസംഗവും രോഗശാന്തിയും നടത്തിയിരുന്ന ഇയാള്‍ ക്രമേണ വീട്ടിലേക്ക് മാറ്റി. രാത്രിയില്‍ ഉള്‍പ്പെടെ പ്രാര്‍ത്ഥനയുടെ ബഹളം കൊണ്ട് നാട്ടുകാര്‍ പൊറുതി മുട്ടി. രാത്രിയും പകലുമില്ലാതെ നിരവധി പേര്‍ ഇവിടെ എത്തിത്തുടങ്ങി. ഇതോടെ ഉന്നത ഉദ്യോഗസ്ഥനെ നേരില്‍ക്കണ്ട് പരാതി നല്‍കി. എന്നാല്‍ പരാതിക്കരുടെ ഭാഗം കേള്‍ക്കാന്‍പോലും ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്കും കളകട്ര്‍ക്കും അടക്കം പരാതി നല്‍കി.
എന്നാൽ നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത് . പാസ്റ്ററുടെ ശല്യം സഹിക്കാനാകാതെ വന്നതോടെ നിരവധി തവണ രാത്രിയില്‍ പേരൂര്‍ക്കട പോലീസിനെ വിളിച്ചുവരുത്തേണ്ടി വന്നു. പരാതിയില്‍ നാട്ടുകാരുടെ മൊഴിയെടുത്തു. മതപരിവര്‍ത്തനം നടത്തുന്നു, സമീപത്തെ വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുന്നു, തുടങ്ങിയവയെല്ലാം രേഖപ്പെടുത്തി. പക്ഷെ നടപടി ഉണ്ടായില്ല. പകരം പരാതി ഒത്തു തീര്‍പ്പാക്കിയതായി പരാതിക്കാരെ അറിയിക്കുകയായിരുന്നു. ആദ്യമേ പോലീസ് കൃത്യമായി അന്വേഷിച്ച് നടപടി എടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ കുട്ടിയെ രക്ഷിക്കാനാകുമായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. പാസ്റ്റര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.വേദന കൊണ്ട് കുട്ടി നിലവിളിക്കുമ്പോള്‍ പ്രാര്‍ത്ഥന ഉച്ചത്തിലാകും…’
‘വേദനകൊണ്ട് കുട്ടിയുടെ നിലവിളിയും ഞരക്കവും പുറത്ത് കേള്‍ക്കാതിരിക്കാന്‍ മുഴുവന്‍ സമയവും പ്രാര്‍ത്ഥന ആയിരുന്നു. കുട്ടി നിലവിളിക്കുമ്ബോള്‍ പ്രാര്‍ത്ഥനയുടെ ശബ്ദവും കൂടും. നിലവിളി കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണുനിറഞ്ഞ് പോകും’ അത് പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ച പെണ്‍കുട്ടിയുടെ തൊട്ടടുത്ത വീട്ടിലെ സ്ത്രീയുടെ വാക്കുകളാണിത്.വേദന സഹിക്കാനാകാതെ നിലവിളി ഉച്ചത്തില്‍ ആയപ്പോഴാണ് വിവരം അറിയുന്നത്. ആദ്യം ആരും കാണാതെ പുലര്‍ച്ചെ കുട്ടിയെ മറ്റെവിടെയോ കാറില്‍ പ്രാര്‍ത്ഥനയ്ക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് തിരികെ കൊണ്ടുവരും.
നടന്ന് വാഹനത്തില്‍ കയറിയിരുന്ന കുട്ടിയെ പിന്നീട് രണ്ട് പേര്‍ ചേര്‍ന്ന് എടുത്ത് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതോടെയാണ് ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നത്. അവര്‍ എത്തിയപ്പോള്‍ കുട്ടിയെയും കൊണ്ട് പാസ്റ്ററും സംഘവും മടങ്ങിവരികയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ വാഹനം ഓടിച്ചുപോയി. പേരൂര്‍ക്കടയില്‍ വച്ചാണ് പിടികൂടുന്നത്. അതിനുശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. അപ്പോഴേക്കും കുട്ടിയുടെ സ്ഥിതി മോശമാണെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞത്.
Post Your Comments