ന്യൂഡല്‍ഹി: എഞ്ചിന്‍ രഹിത സെമി-ഹൈസ്പീഡ് ട്രെയിനായ ‘ട്രെയിന്‍ 18’ അടുത്താഴ്ചമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. ട്രയല്‍ റണ്‍ വിജയകരമായാല്‍ 30 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ജനശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരം എഞ്ചിന്‍ രഹിത ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
2018ല്‍ നിര്‍മിക്കാന്‍ തുടങ്ങിയതു കൊണ്ടാണ് ഇതിന് ട്രെയിന്‍-18 എന്ന പേര് ലഭിച്ചത്. ഒക്ടോബര്‍ 29ന് ട്രെയിന്‍ 18 പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച് തുടങ്ങും.ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ‘ട്രെയിന്‍ 18’ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍ രീതിയില്‍ രൂപകല്‍പന ചെയ്ത, യാത്രികര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.ഓട്ടോമേറ്റിക് ഡോറുകളും സ്റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്‌ലെറ്റ് സംവിധാനം തുടങ്ങിയവ ഉണ്ടാകും. കൂടാതെ ട്രെയിന്‍-18 ല്‍ ഇടവിട്ടുള്ള ഓരോ കോച്ചിലും തീവണ്ടിയെ മുന്നോട്ട് കുതിപ്പിക്കാനുള്ള മോട്ടോറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 16 കോച്ചുകളുള്ള വണ്ടിയില്‍ എട്ട് കോച്ചുകള്‍ ഇത്തരത്തിലുള്ളതാകും. കോച്ചുകളിലെ മറ്റു സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയും ഇവിടെനിന്നു ലഭിക്കും.
Post Your Comments