അങ്കാറ: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി ഈസ്റ്റാംബൂളിലെ കോണ്‍സുലേറ്റിൽ കൊല്ലപ്പെട്ടതിനു പിന്നിൽ പ്രവർത്തിച്ചത് സൗദി രാജകുമാരന്റെ അടുത്ത അനുയായിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.
സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ റോയൽ കോർട്ട് മാധ്യമ ഉപദേശകൻ സൗദ് അൽ ഖത്താനിയാണ് ഇന്റർനെറ്റ് വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സ്കൈപ്പിലൂടെ കൊലപാതകത്തിനു നിർദേശങ്ങൾ നൽകിയതെന്നാണു പുറത്തു വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ശനിയാഴ്ച ഖത്താനി ഉൾപ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സൗദി പുറത്താക്കിയതിനു പിന്നാലെയാണ് കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുന്നത്. സൗദി രാജകുടുംബത്തിലെ അംഗങ്ങളായ നിരവധി പേരെ തടവിലാക്കിയതിനു പിന്നിലും ലബനീസ് പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിലും പ്രവർത്തിച്ചത് ഖത്താനി തന്നെയാണെന്നാണ് വിദേശ രഹസ്യാന്വേഷണ ഏജൻസികൾ സൂചനകള്‍ നല്‍കുന്നുണ്ട്.
ഖഷോഗി ഈസ്റ്റാംബൂളിലെ കോണ്‍സുലേറ്റിൽ കൊല്ലപ്പെട്ട ദിവസം കോണ്‍സുലേറ്റിൽനിന്ന് സൗദി രാജകുമാരന്റെ ഓഫീസിലേക്കും യുഎസിലേക്കും നടത്തിയ ഫോണ്‍കോളുകളുടെ പട്ടിക തുർക്കി പത്രം പുറത്തുവിട്ടിരുന്നു. രാജകുമാരന്റെ വിദേശയാത്രകളിൽ അദ്ദേഹത്തെ അനുഗമിക്കാറുള്ള സംഘത്തിലെ അംഗമായ മാഹർ അബ്ദുൾ അസീസ് മുട്രെബാണ് ഫോണ്‍ കോളുകൾ നടത്തിയതെന്ന് പത്രം ചൂണ്ടിക്കാട്ടി.
Post Your Comments