Latest NewsIndia

കാലവസ്ഥാ വ്യതിയാനത്തിൽ വംശനാശ ഭീഷണിയിലെത്തി ഹിമാലയന്‍ വയാഗ്ര

വാഷിങ്ടണ്‍: ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഹിമാലയന്‍ വയാഗ്ര വംശനാശ ഭീഷണിയിലാണെന്ന് ഗവേഷകര്‍. ഒരു പ്രത്യേകതരം ശലഭത്തിന്‍റെ ലാര്‍വ്വയില്‍ വളരുന്ന ഈ ഫംഗസിന് സ്വര്‍ണത്തേക്കാള്‍ വിലയാണുള്ളത്. യാര്‍ഷഗുംഭു എന്ന പേരിലും അറിയപ്പെടുന്ന ഈ ഫംഗസ് സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണ് കണ്ടുവരുന്നത്.

ഒഫിയോകോര്‍ഡിസെപ്‌സ്സി നെപ്‌സിസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ഫംഗസിന് വേണ്ടിയുള്ള അന്വേഷണം സംഘര്‍ഷങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വരെ നയിച്ചിട്ടുണ്ട്. ഈ ഫംഗസ് ചായയിലോ സൂപ്പിലോ ചേര്‍ത്ത് കഴിച്ചാല്‍ വലിയ രീതിയിലുള്ള ലൈംഗിക ശേഷിയും ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെ പോലും പ്രതിരോധിക്കുമെന്നാണ് വിശ്വാസം.

ഒരു കിലോഗ്രാം ഹിമാലയന്‍ വയാഗ്രയ്ക്ക് 70 ലക്ഷത്തോളം രൂപ വിലവരും. നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പര്‍വത പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. പര്‍വത പ്രദേശങ്ങളില്‍ നിന്ന് ഈ ഫംഗസ് കണ്ടെത്തി പണം സമ്പാദിക്കുന്ന നിരവധി പേരാണ് ഈ നാടുകളില്‍ ഉള്ളത്.

സമീപകാലത്ത് ലഭിക്കുന്ന ഹിമാലയന്‍ വയാഗ്രയുടെ അളവില്‍ വലിയ കുറവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് കാരണം അന്വേഷിച്ച് ഇറങ്ങിയ ഒരു കൂട്ടം ഗവേഷകര്‍ വലിയ പഠനങ്ങള്‍ നടത്തുകയുണ്ടായി. ഹിമാലയന്‍ വയാഗ്ര കണ്ടെത്തുന്നവരും കച്ചവടക്കാരും ഇടനിലക്കാരുമായ നൂറുകണക്കിന് ആളുകളുമായി ഇവര്‍ സംസാരിക്കുകയും ഈ പ്രദേശങ്ങളിലെ കാലാവസ്ഥ പഠനം നടത്തുകയും ചെയ്തു.

കാലവസ്ഥാ വ്യതിയാനമാണ് ഈ ഫംഗസിന്‍റെ ഉത്പാദനത്തെ ബാധിക്കുന്ന പ്രധാന കാരണമെന്നാണ് ഇവര്‍ കണ്ടെത്തിയത്. ഒരു പ്രത്യേകതരം ശലഭത്തിന്‍റെ ലാര്‍വ്വയിലാണു ഈ ഫംഗസ് വളരുന്നത്. 0 ഡിഗ്രീ സെല്ഷ്യസില്‍ താഴെ താപനിലയുള്ള പ്രത്യേകതരം കാലാവസ്ഥയില്‍ മാത്രമേ ഈ ഫംഗസ് വളരുകയുള്ളു. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം ഇതിന് ഭീഷണിയാകുന്നു.

ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള ഇത്തരം പ്രദേശങ്ങളിലെല്ലാം താപനില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഭാവിയില്‍ ഈ ഫംഗസ് ഇല്ലാതാവുന്ന അവസ്ഥയും ഉണ്ടായേക്കാം. ഈ ഫംഗസ് കണ്ടെത്തി ഉപജീവനം നടത്തുന്ന തൊഴിലാളികളുടെയും കച്ചവടക്കാരുടെയും സമൂഹങ്ങളും കടുത്ത ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button