നെടുമ്പാശേരി: വിരണ്ടോടിയ പോത്തിന്‍കൂട്ടം നിരവധി വാഹനങ്ങളില്‍ ഇടിച്ച് ദേശീയ പാതയില്‍ അപകടം. പാടത്ത് മേയാന്‍വിട്ട പോത്തുകളാണ് രാത്രിയോടെ റോഡിലേയ്ക്ക് പാഞ്ഞെത്തിയത്. കെഎസ്ആര്‍ടിസി ബസ് അടക്കം 8 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കൂടാതെ നാലു പോത്തുകള്‍ ചത്തു. ദേശീയപാതയില്‍ അത്താണി കുറുന്തിലക്കോട്ട് ചിറയ്ക്കു സമീപം ഇന്നലെ പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. ആലുവ റെയില്‍ഡവേ സ്‌റ്റേഷനില്‍ നിന്ന് കാറില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ചെങ്ങമനാട് ആശുപത്രിപ്പടിക്കവല പുളിഞ്ചോട്ടില്‍ സദാനന്ദന്റെ മകന്‍ സജീഷ് (35), ഭാര്യ നിഷ (29), മക്കളായ ബിയ (4), ആരാധ്യ (6 മാസം) എന്നിവര്‍ക്കാണു പരുക്കേറ്റത്.
തരിശിട്ട പറമ്പയം, പുതുവാശേരി, പാലിയപ്പാടം, കുറുന്തിലക്കോട് പാടശേഖരങ്ങളില്‍ വിഹരിക്കുന്ന ഇരുപതോളം വരുന്ന പോത്തിന്‍കൂട്ടം ആണു റോഡിലേക്കു പ്രവേശിച്ചത്. സജീഷിന്റെ കാറിനു മുന്നില്‍ സഞ്ചരിച്ച കാറിനെ ഗര്‍ഭണിയായ എരുമ ഇടിക്കുകയും പിന്നീട് വിറളിപൂണ്ട് തൊട്ടു പിറകില്‍ വന്ന സജീഷിന്റെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.അപകടത്തിനു ശേഷം റോഡില്‍ ചിതറിയോടിയ പോത്തിന്‍കൂട്ടത്തില്‍ ഇരുവശത്തു നിന്നും വരികയായിരുന്ന വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഇടിച്ചു. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും മൂന്നു കാറുകളും
അപകടത്തില്‍ തകര്‍ന്നു. ദേശീയപാതയില്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Post Your Comments