
അമ്മയുടെയും മൂന്നാം അച്ഛന്‍റെയും നിരന്തര പീഡനത്തെ തുടര്‍ന്ന് പത്തു വയസ്സുകാരന്‍ വീടുവിട്ടിറങ്ങി. അയല്‍വീട്ടില്‍ അഭയം തേടിയ കുട്ടിയെ അവര്‍ ചൈല്‍ഡ്‌ലൈന്‍ അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു. അമ്മയും മൂന്നാം അച്ഛനും തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നും മുന്നില്‍ വന്നാല്‍ ശരിപ്പെടുത്തിക്കളയുമെന്ന് പറഞ്ഞിരുന്നതായും വായിലടക്കം മാന്തി പൊളിച്ചുവെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ജോലി നോക്കുന്ന ഡോക്ടറാണ് കുട്ടിയെ ഉപദ്രവിച്ചത്. ഇയാള്‍ കുട്ടിയുടെ അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവാണ്. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇരുവര്‍ക്കെതിരെ കേസെടുത്തു. നാലുമാസങ്ങള്‍ക്ക് മുന്‍പ് ആലുവ എസ് ഒ എസ് വില്ലേജിലായിരുന്നു കുട്ടി താമസിച്ചിരുന്നത്. അമ്മയുടെ ആവശ്യപ്രകാരം കുട്ടിയെ വിട്ടു നല്‍കുകയായിരുന്നു.
കുട്ടിക്ക് സ്വഭാവവൈകല്യമുണ്ടെന്ന് കുട്ടിയുടെ അമ്മ ചൈല്‍ഡ്‌ലൈന്‍ അധികൃതരോട് പറഞ്ഞു. കുട്ടി പലപ്പോഴും വീടുവിട്ടു പോയിരുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍, പീഡനം താങ്ങാനാവാതെയാണ് വീട് വിട്ടു പോകുന്നതെന്ന് കുട്ടി പറഞ്ഞു. ദേഹം മുഴുവന്‍ പരിക്കേറ്റ പാടുകളുണ്ടെന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറഞ്ഞു.
Post Your Comments