കല്‍പറ്റ: കേരളത്തിൽ പുതിയൊരു ഓര്‍ക്കിഡ് കണ്ടെത്തി, പശ്ചിമഘട്ട മലനിരകളിലെ സസ്യനിരീക്ഷണത്തിലാണ് ഓര്‍ക്കിഡ് കുടുംബത്തിലേക്ക് പുതിയ ഇനം സസ്യത്തെ കണ്ടെത്തിയത്. ശാസ്ത്രലോകത്ത് ലിപ്പാരിസ് ചാങ്ങ്ഗി (Liparis tschangii) എന്ന പേരിലറിയപ്പെടുന്ന ഈ സസ്യം ഇന്ത്യയില്‍ തന്നെ എവിടെയെങ്കിലും ഉള്ളതായി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സസ്യശാസ്ത്രക്കാര്‍ക്കിടയില്‍ പ്രധാന സ്ഥാനമാണ് ഈ കുഞ്ഞന്‍ ചെടിക്ക്. ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം കണ്ടെത്തിയിരുന്ന സസ്യമാണ് ഇപ്പോള്‍ വയനാടന്‍ മലനിരകളില്‍ വേരാഴ്ത്തിയിരിക്കുന്നത്. നിലത്ത് പറ്റി വളരുന്ന ഇതിന് ഹൃദയാകാരത്തോടു കൂടിയ രണ്ട് ഇലകളും വെളുപ്പ് നിറത്തോട് കൂടിയ ചെറിയ കിഴങ്ങും പച്ചനിറത്തോട് കൂടിയ മനോഹരങ്ങളായ ധാരാളം പൂക്കളും ഉണ്ടാവും.
ലിപ്പാരിസ് ചാങ്ങ്ഗിയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഇന്ത്യന്‍ ഫോറസ്റ്റര്‍ എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ മേഖലയില്‍ നീരിക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന കല്‍പറ്റ പുത്തൂര്‍വയല്‍ സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ സലിം പിച്ചന്‍, ജയേഷ് പി ജോസഫ്, എം ജിതിന്‍, ആലപ്പുഴ എസ് ഡി കോളജിലെ ജോസ് മാത്യു, സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റര്‍ ആയിരുന്ന പി ധനേഷ് കുമാര്‍ തുടങ്ങിയവരാണ് കണ്ടെത്തലിനു പിറകില്‍. ഇന്ത്യയില്‍ ആദ്യമായാണ് ലിപ്പാരിസ് ചാങ്ങ്ഗി കണ്ടെത്തുന്നതെന്നും അത് വയനാടന്‍ വനങ്ങളില്‍ നിന്നാണെന്നതിന് പ്രത്യേകതകള്‍ ഏറെയാണെന്നും എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ ടെക്‌നിക്കല്‍ സ്റ്റാഫ് സലിം പിച്ചന്‍ പറഞ്ഞു.
Post Your Comments