തിരുവനന്തപുരം : പ്രളയത്തില്‍ ഉണ്ടായ വെളളപ്പൊക്കത്തിന്റെ രൂക്ഷത എത്രമാത്രമായിരുന്നു എന്ന് ചിത്രങ്ങള്‍ സഹിതം രേഖപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ പുതിയതായി മൊബെെല്‍ ആപ്പ് കൊണ്ടുവന്നു. സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ആപ്പിന്റെ പ്രകാശനം റവന്യു-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് പ്രകാശനം ചെയ്തു. കേരള ഫ്ലഡ്സ് 2018 എന്നാണ് ആപ്പിന്റെ പേര്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനത്തില്‍ ഉള്‍പ്പെടാത്ത മേഖലകള്‍ സംബന്ധിച്ച വിവരം പൊതുജനങ്ങള്‍ നല്കിയാല് അവ വേര്‍തിരിച്ച് പഠനത്തിനായി ലഭ്യമാക്കാനാണ് ദുരന്ത നിവാരണ അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓരോ വ്യക്തിക്കും സമീപത്തെ കെട്ടിടങ്ങളിലും സ്വന്തം വീട്ടിലും ജലം ഉയര്‍ന്ന നിരപ്പ് രേഖപ്പെടുത്തി ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനാവും. ഇതിനായി ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ ഫോണില്‍ ലൊക്കേഷന്‍ സര്‍വീസ് ഓണ്‍ ആയിരിക്കണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുടെ ചിത്രങ്ങളും അപ്ലോഡ് ചെയ്യാം.
പ്രളയ ജലം എത്തിയ ഉയരം ഔദ്യോഗികമായി അടയാളപ്പെടുത്തി വിവരം ലഭ്യമാക്കാന്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എം. ജി സര്‍വകലാശാല, കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ആപില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക പ്രളയ ഭൂപടം നിര്‍മ്മിക്കുന്നതിന് കേന്ദ്ര ജല കമ്മീഷന് ദുരന്ത നിവാരണ അതോറിറ്റി ലഭ്യമാക്കും
Post Your Comments