Latest NewsBusiness

ചെന്നൈ സ്മാര്‍ട്ട് സിറ്റി പദ്ധതി ടെണ്ടര്‍ കെല്‍ട്രോണിന്

തിരുവനന്തപുരം•വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് ചെന്നൈ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 146 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം ലഭിച്ചതായി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു.ചെന്നൈ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി ചെന്നൈ നഗരത്തില്‍ ആധുനിക സംവിധാനങ്ങളോടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സജ്ജീകരിക്കുന്നതിനാണ് ഓര്‍ഡര്‍ ലഭിച്ചത്. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ രൂപകല്‍പന നിര്‍വഹിച്ച് സെന്ററില്‍ വിവിധ സംവിധാനങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഗ്രെയ്റ്റര്‍ ചെന്നൈ കോര്‍പറേഷന്‍ ക്ഷണിച്ച ടെണ്ടറില്‍ കെല്‍ട്രോണ്‍ പങ്കെടുത്തിരുന്നു. എല്‍ ആന്‍ഡ് ടി, മദ്രാസ് സെക്യൂരിറ്റി പ്രിന്റേഴ്‌സ് ലിമിറ്റഡ് തുടങ്ങിയ വന്‍കിട സ്വകാര്യ കമ്പനികളുമായി മത്സരിച്ചാണ് കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഈ ഓര്‍ഡര്‍ നേടിയെടുത്തത്.

കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, ക്ലൗഡ് അധിഷ്ഠിത സ്മാര്‍ട്ട് ഡാറ്റ സെന്റര്‍ സൊല്യൂഷന്‍, സ്മാര്‍ട്ട് സെന്‍സര്‍, വേരിയബിള്‍ മെസേജിങ് ബോര്‍ഡ്, സിറ്റി സര്‍വൈലന്‍സ് സിസ്റ്റം ആന്റ് ഡിസാസ്റ്റര്‍ മാനേജ്മന്റ് സിസ്റ്റം, മൊബൈല്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, സ്മാര്‍ട്ട് പോള്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി അധിഷ്ഠിത സ്മാര്‍ട്ട് സോളിഡ് വെയിസ്റ്റ് മാനേജ്മന്റ് സിസ്റ്റം, സ്മാര്‍ട്ട് പാര്‍ക്കിംഗ് സിസ്റ്റത്തിന്റെ ഏകീകരണം, ഇന്റര്‍നെറ്റ് ബാന്‍ഡ് വിസ്ഡത്തിനായുള്ള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് തുടങ്ങിയ സംവിധാനങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.

146 കോടി രൂപയുടെ ഓര്‍ഡറില്‍, പദ്ധതിയുടെ മൂലധന ചെലവും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന ചെലവും ഉള്‍പെടും. പ്രവര്‍ത്തനാനുമതിയുടെയും കരാറിന്റെയും അടിസ്ഥാനത്തില്‍ കെല്‍ട്രോണ്‍ 300 ദിവസത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കണം. പദ്ധതിയുടെ ഭാഗമായി ട്രാഫിക്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ്, ഐസിടി സംവിധാനങ്ങളുടെ മാസ്റ്റര്‍ സിസ്റ്റം ഇന്റര്‍ഗ്രേറ്ററായും, ടെക്‌നിക്കല്‍ സൊല്യൂഷന്‍ പ്രൊവൈഡറായും കെല്‍ട്രോണ്‍ പ്രവര്‍ത്തിക്കും.

ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലൊന്നായ ചെന്നൈയില്‍ ഈ പദ്ധതിയുടെ ചുക്കാന്‍ പിടിക്കാനാവുന്നത് കെല്‍ട്രോണിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണ്. രാജ്യത്ത് പുതുതായി നൂറോളം സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ഘട്ടത്തില്‍ ലഭിച്ച ഓര്‍ഡര്‍ മികച്ച ബിസിനസ്സ് അവസരങ്ങള്‍ കെല്‍ട്രോണിന് ലഭ്യമാകാന്‍ അവസരമൊരുക്കും. കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാനും ലാഭത്തിലാക്കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യത്തിന് കരുത്തുപകരുന്നതാണിത്. കെല്‍ട്രോണിന്റെ സാങ്കേതികവിദ്യ ദേശീയമായും അന്തര്‍ദേശീയമായും വിപുലീകരിക്കുന്നതിനു വ്യവസായവകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button