കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയ്ക്കെതിരെ ബി.എസ്.എന്‍.എല്‍ നടപടിയെടുത്തു. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ബിഎസ്എന്‍ എല്ലിന്റെ തീരുമാനം. കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.
ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രഹ്നയ്ക്കെതിരെ ആഭ്യന്തര അന്വേഷണവും ബിഎസ്എന്‍എല്‍ ആരംഭിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ രഹ്നയ്ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന ബിഎസ്എന്‍എല്‍ അറിയിച്ചു.
ശബരിമല വിഷയത്തില്‍ വിവാദമായ രഹ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ ബിഎസ്എന്‍എല്‍ സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലിന് കത്തുനല്‍കിയിട്ടുമുണ്ട്. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും രഹ്നയ്ക്കെതിരായ തുടര്‍നടപടികള്‍. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ രഹ്നാ ഫാത്തിമയ്ക്കെതിരെ തൃക്കൊടിത്താനം സ്വദേശി നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
എറണാകുളം സ്വദേശിയായ രഹനാ ഫാത്തിമ ശനിയാഴ്ചയാണ് ആന്ധ്രാ സ്വദേശിയായ മാദ്ധ്യമ പ്രവര്‍ത്തക കവിത ജക്കലിനൊപ്പം ഐ.ജി ശ്രീജിത്തിന്റെ കനത്ത സുരക്ഷയില്‍ സന്നിധാനത്തെ നടപ്പന്തല്‍ വരെ എത്തിയിരുന്നെങ്കിലും അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ എറണാകുളത്തെ വീടിന് നേരെ ആക്രമണവുമുണ്ടായി.
Post Your Comments