Latest NewsIndia

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്

ശ്രീനഗര്‍•ജമ്മു കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ബി.ജെ.പി. ജമ്മു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബി.ജെ.പി തൂത്തുവാരിയപ്പോള്‍ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സ്വതന്ത്രന്മാര്‍ക്കാണ് മുന്‍തൂക്കം.

ജമ്മു മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 75 സീറ്റുകളില്‍ 43 ല്‍ ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ് 14 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 18 സീറ്റുകള്‍ നേടി.

ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 74 വാര്‍ഡുകളില്‍ 49 ഇടങ്ങളില്‍ സ്വതന്ത്രന്മാര്‍ക്കാണ് വിജയം. കോണ്‍ഗ്രസ് 12 സീറ്റുകളില്‍ വിജയിച്ചു. ബി.ജെ.പി ഇവിടെ നാല് സീറ്റുകളിലാണ് വിജയിച്ചത്. 12 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഇവിടുത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി.

ഒക്ടോബര്‍ 8 മുതല്‍ 16 വരെ നാല് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 1145 വാര്‍ഡുകളിലായി 3000 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. കാശ്മീരിലെ 598 വാര്‍ഡുകളില്‍ 231 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 181 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല.

ഒക്ടോബര്‍ 8 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ വെറും 8.3 ശതമാനമായിരുന്നു പോളിംഗ്. 10 ന് നടന്ന രണ്ടാം ഘട്ടത്തില്‍ 3.4 ശതമാനവും 13 ന് നടന്ന മൂന്നാം ഘട്ടത്തില്‍ 3.49 ശതമാനവും 16 ന് നടന്ന അവസാന ഘട്ടത്തില്‍ 4.2 ശതമാനവുമായിരുന്നു പോളിഗ്. മൊത്തത്തില്‍ 35.1 ശതമാനം പോളിംഗ്.

ജമ്മു, സാംബ, കത്വ, റിയസി, ദോദ, കിഷ്ത്വര്‍, റമ്പാന്‍, ഉധംപൂര്‍, പൂഞ്ച്, രജൗരി, എന്നീ ജില്ലകള്‍ ഉള്‍പ്പെട്ട ജമ്മു മേഖലയില്‍ ബി.ജെ.പി 212 സീറ്റുകളിലും കോണ്‍ഗ്രസ് 110 സീറ്റുകളിലും, നാഷണല്‍ പാന്തേഴ്സ് പാര്‍ട്ടി 13 സീറ്റുകളിലും സ്വതന്ത്രന്മാര്‍ 185 സീറ്റുകളിലും വിജയിച്ചു.

താഴ്‌വരയില്‍, ശ്രീനഗര്‍, ബാരാമുള്ള, കുപ്വാര, ബദ്ഗാം, അനന്ത്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം, ബന്ദിപ്പോര, ഗന്ദേര്‍ബല്‍ ജില്ലകളില്‍, കോണ്‍ഗ്രസ് 79 സീറ്റുകളും ബി.ജെ.പി 75 സീറ്റുകളും, സ്വതന്ത്രര്‍ 71 സീറ്റുകളും നേടി. പീപ്പിള്‍സ് കോണ്‍ഫറന്‍സ് രണ്ട് സീറ്റുകളും മറ്റുള്ളവര്‍ രണ്ട് സീറ്റുകളും നേടി.

കുപ്വാരയിലെ ഹന്ദ്വാര മുനിസിപ്പല്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിയും പീപ്പിള്‍സ് കോണ്‍ഫറന്‍സ് മേധാവി സജാദ് ഘാനി പിന്തുണച്ച സ്വതന്ത്രന്മാര്‍ ആകെയുള്ള 13 സീറ്റുകളിലും വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button