കൊച്ചി: ഇരുമുടിക്കെട്ടുമായി സന്നിധാനത്തിന്റെ നടപ്പന്തല്‍ വരെ പോയ രഹനാ ഫാത്തിമയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. തുടര്‍ന്ന് അവരുടെ ഇരുമുടിക്കെട്ടിനെ ചൊല്ലിയും വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ നടപ്പന്തലിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമലയില്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഇരുമുടിക്കെട്ട് ഐജി ശ്രീജിത്തിനെ ഏല്‍പ്പിച്ചിരുന്നു എന്നാണ് രഹന ഫാത്തിമയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിനുകള്‍ ഉണ്ടെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ബസില്‍ വച്ചു തന്നെ ഇരുമുടിക്കെട്ട് പോലീസുകാര്‍ പരിശോധിച്ചിരുന്നു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഹന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പോലീസ് സംരക്ഷണം നല്‍കിയിരുന്നു. അവരുടെ കുഴപ്പം കൊണ്ടല്ല ശബരിമലയില്‍ എത്താന്‍ സാധിക്കാതിരുന്നത്. പോലീസ് എല്ലാവിധ സഹായങ്ങളും നല്‍കി. എന്നാല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് അതിരൂക്ഷമായിരുന്നു. കുട്ടികളെപ്പോലും നിലത്ത് കിടത്തിയാണ് അവര്‍ സമരം നടത്തിയത്. അതുകൊണ്ട് തിരിച്ചു പോരേണ്ടി വന്നു.
കവിതയെ നേരിട്ട് പരിചയമില്ല. ഗണപതി കോവിലില്‍ എത്തിയപ്പോള്‍ മാത്രമാണ് കവിതയെ പരിചയപ്പെടുന്നത്. കെ. സുരേന്ദ്രനെ നേരിട്ട് അറിയില്ല. ആരുടെയും സഹായം ഇല്ലാതെയാണ് മലകയറാന്‍ എത്തിയത്. സ്ത്രീകള്‍ മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ പുലികളി അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഇടപെട്ടത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്നും രഹന പറഞ്ഞു.
താന്‍ ക്ഷേത്രത്തില്‍ കയറിയാല്‍ നട അടച്ചിടുമെന്നും പമ്പമുതല്‍ സന്നിധാനം വരെ പുണ്യാഹം തളിച്ച് ശുദ്ധീകരിക്കുമെന്നും ഉള്ള തന്ത്രിയുടെ പ്രതികരണത്തിനെതിരെ കേസ് കൊടുക്കുമെന്നും രഹന പറഞ്ഞു.
Post Your Comments