ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പലരീതിയിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. മല കയറാനെത്തിയ യുവതികളെ ശബരിമല സംരക്ഷണ സമിതി തടയുകയും മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കുകയും ചെയ്തതോടെ സംഭവം ദേശീയതലത്തിൽ വാർത്തയായി. ഇതിനിടെ തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. സന്നിധാനത്തിന് സമീപത്ത് നിന്നാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് പ്രാര്‍ത്ഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുല്‍ ഈശ്വര്‍ മുത്തശ്ശിയോടൊപ്പം നിലയ്ക്കലില്‍ എത്തിയത്. യുവതികളെ തടഞ്ഞ് സമരം നടത്തില്ലെന്ന് രാഹുൽ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, മല ചവിട്ടാന്‍ എത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടയുകയും സമരം അക്രമ സ്വഭാവത്തിലേക്ക് നീങ്ങിയതോടെയുമാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി പുറത്തുവന്നപ്പോള്‍ മുതല്‍ സമരരംഗത്ത് സജീവമാണ് രാഹുല്‍ ഈശ്വര്‍. പുനപരിശോധനാ ഹര്‍ജി നല്‍കാനും നാമജപ പ്രതിഷേധങ്ങള്‍ നടത്താനും രാഹുൽ മുന്നിൽ നിന്നിരുന്നു. ഒക്ടോബര്‍ 17 മുതല്‍ ശബരിമലയില്‍ ശക്തമായ പ്രാര്‍ത്ഥനകളുമായി മുന്നോട്ടുപോകുമെന്നും ഇത് പ്രതിഷേധമല്ല, പ്രാര്‍ത്ഥനയാണെന്നും രാഹുല്‍ ഈശ്വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ആക്രമണങ്ങൾ അഴിച്ചുവിട്ട നിരവധിപേർ ഇപ്പോഴും പുറത്ത് വിലസുമ്പോൾ രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് ഒരു സാധാരണ ക്രിമിനൽ കുറ്റവാളിയെപ്പോലെ ജയിലിൽ അടച്ചത് നീതിയാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. അതേസമയം പൊലീസ് തനിക്ക് ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്നും വ്യക്തമാക്കി ജയിലിലേക്കുള്ള യാത്രാമധ്യേ രാഹുൽ സന്ദേശം അയച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കാതെ തന്നെ മുൻകരുതൽ എന്ന രീതിയിൽ കസ്റ്റഡിയിലെടുത്ത രാഹുൽ ഈശ്വറിനെ ഇത്തരത്തിൽ പീഡിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യം എന്താണെന്നും സംശയമുയരുന്നുണ്ട്.
Post Your Comments