കോട്ടയം: ശബരിമലയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ പോലീസുകാരന്‍ ഹെല്‍മറ്റ് മോഷ്ടിച്ചുവെന്ന വാര്‍ത്ത ബുധനാഴ്ച വൈകിട്ട് മുതല്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടല്ലോ. എന്നാല്‍ ഹെല്‍മറ്റ് ബൈക്കില്‍ നിന്നെടുത്ത പോലീസുകാരനും ചിലത് പറയാനുണ്ട്. ഹെല്‍മറ്റ് കള്ളനെന്ന് വ്യാപകമായി പ്രതിഷേധക്കാര്‍ നവമാധ്യമങ്ങളില്‍ പ്രചരണം നടത്തിയതോടെയാണ് അഗസ്റ്റിന്‍ ജോസഫ് എന്ന പോലീസുകാരന്‍ രംഗത്തുവന്നത്.
നാമജപ പ്രതിഷേധം എന്ന് കരുതിയാണ് പോലീസ് നിലയ്ക്കലിലേക്കും പന്പയിലേക്കും കാര്യമായ മുന്നൊരുക്കമൊന്നുമില്ലാതെ എത്തിയത്. എന്നാല്‍ സ്ഥലത്ത് എത്തിയതോടെയാണ് സ്ഥിതി ഗുരുതരമാണെന്ന് മനസിലായത്. മഴ പെയ്യുന്നതിലും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നു വീണത്. ഞങ്ങളെ കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അച്ഛനും ഉണ്ടെന്ന് എല്ലാവരും ഓര്‍ക്കണം. കല്ലേറ് രൂക്ഷമായപ്പോഴാണ് അതില്‍ നിന്നും രക്ഷപെടാന്‍ ഒരു ഹെല്‍മറ്റ് എടുത്തുവച്ചത്. അല്ലാതെ അത് മോഷ്ടിച്ചതല്ല.
പിന്നെ ഞങ്ങള്‍ക്ക് എതിരേ കല്ലേറ് നടത്തിയത് ഭക്തര്‍ അല്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പോലീസുകാരായ നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇതൊന്നും ഒരു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയതായി കണ്ടില്ല. ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് ഹെല്‍മറ്റ് എടുത്തുവച്ചതെന്നും ഞങ്ങളും മനുഷ്യരാണെന്നും കുടുംബമുണ്ടെന്ന് ഓര്‍ക്കണമെന്നും പോലീസുകാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments