KeralaLatest News

കുട്ടനാട്ടില്‍ നെല്‍വിത്ത് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍

നെല്‍വിത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കയ്ക്ക് ഉടന്‍ പരിഹാരമുണ്ടാക്കും

കുട്ടനാട്ടില്‍ നെല്‍വിത്ത് വിതരണത്തിനുള്ള പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. നെല്‍വിത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കയ്ക്ക് ഉടന്‍ പരിഹാരമുണ്ടാക്കും. ആലപ്പുഴ ജില്ലയിലേക്ക് ആവശ്യമായ ഉമ വിത്ത് തുലാം ആരംഭത്തില്‍ തന്നെ രജിസ്‌റ്റേഡ് സീഡ് ഗ്രോവേഴ്‌സില്‍ നിന്ന് സംഭരിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റി മുഖേന സംഭരിക്കുന്ന വിത്തിന്റെ വിലയില്‍ രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് സംസ്ഥാന കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. നെല്‍വിത്തിന്റെ സംഭരണവില കിലോഗ്രാമിന് രണ്ട് രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ നെല്‍വിത്ത് ഉല്‍പാദകരായ കര്‍ഷകര്‍ സമരത്തിലായിരുന്നു. മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് വിത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്.

നെല്‍വിത്തിന്റെ വില കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുന്നതിന് കൃഷി വകുപ്പ് ഡയറക്ടര്‍, കൃഷി അഡീ. ഡയറക്ടര്‍ (സി.പി), കാര്‍ഷിക സര്‍വകലാശാല പ്രതിനിധി, രജിസ്‌റ്റേഡ് സീഡ് ഗ്രോവേഴ്‌സ് പ്രതിനിധി എന്നിവരടങ്ങിയ അഞ്ചംഗ സമിതിക്ക് രൂപം നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ സമരം പിന്‍വലിക്കുന്നതായി യോഗത്തില്‍ വ്യക്തമാക്കി. രജിസ്‌റ്റേഡ് സീഡ് ഗ്രോവേഴ്‌സ് പ്രോഗ്രാം പ്രകാരം വ്യക്തികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഭൂപരിധി അഞ്ച് ഏക്കറായി ഇളവുചെയ്യുന്നതിനും ഒരു ഹെക്ടറില്‍ നിന്ന് അയ്യായിരം കിലോ നെല്‍വിത്ത് സംഭരിക്കുന്നതിനും തീരുമാനിച്ചു. സീഡ് അതോറിറ്റി വഴിയല്ലാതെ കര്‍ഷകര്‍ നേരിട്ട് വാങ്ങുന്ന വിത്തിനും സബ്‌സിഡി ലഭ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പുതിയ ഉത്തരവനുസരിച്ച് രജിസ്‌റ്റേഡ് സീഡ് ഗ്രോവേഴ്‌സ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി പാടശേഖരങ്ങളില്‍ സംസ്‌കരിക്കുന്ന നെല്‍വിത്തിന് കിലോഗ്രാമിന് 31 രൂപയായും പ്ലാന്റില്‍ സംസ്‌കരിക്കുന്ന നെല്‍വിത്തിന് കിലോഗ്രാമിന് 34 രൂപയായും വര്‍ദ്ധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button