ArticleLatest News

ലാത്തിക്ക് മുന്നില്‍ തോല്‍ക്കുന്നതാണോ ആ വികാരം : ചോരപ്പുഴ കണ്ട സഖാക്കള്‍ക്ക് അത് അറിയാഞ്ഞാണോ..

രതി നാരായണന്‍

തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്ര നട തുറക്കുമ്പോള്‍ ദര്‍ശനത്തിനായെത്തുന്ന യുവതികളെ തടയാന്‍ ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളില്‍ വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം പമ്പയിലും നിലയ്ക്കലിലും കാവലിരിക്കുകയാണ്. ആരുടെയും പ്രേരണ കൂടാതെ അയ്യപ്പസ്വാമിക്ക് അഹിതമായതൊന്നും ജീവന്‍ പോയാലും അനുവദിക്കില്ലെന്ന നിലപാടുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ് പമ്പയിലും നിലയ്ക്കലിലും പ്രതിഷേധിക്കുന്നത്. ശബരിമല പ്രശ്‌നത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ സുപ്രീംകോടതി വിധി നടപ്പിലാക്കാമെന്ന ഉറച്ച വിലപാടിലാണ് സര്‍ക്കാര്‍. കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സമരക്കാര അടിച്ചോടിക്കുക എന്നതാണ് ആദ്യഘട്ടം. നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചു. നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ച ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകരെയും പൊലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചെങ്കിലും സമരക്കാര്‍ മിനിട്ടുകള്‍ക്കകം അത് പുനസ്ഥാപിച്ചു. ഇതോടെ നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.

ഇതിവിടെ സര്‍ക്കാരും പൊലീസും നല്‍കിയ ഉറപ്പിന്റെ വെളിച്ചത്തില്‍ മല ചവിട്ടാന്‍ സ്ത്രീകള്‍ എത്തുന്നുണ്ട്. പ്രതിഷേധങ്ങള്‍ മറികടന്ന് ആന്ധ്രയില്‍ നിന്നുള്ള യുവതി അടക്കമുള്ള ഒരു കുടുംബം മുകളിലേക്ക് പോയെങ്കിലും ഇവരെ സമരക്കാര്‍ തടഞ്ഞ് തിരിച്ചയച്ചു. പൊലീസ് ബലമായി പ്രതിഷേധക്കാരെ പിടിച്ചുമാറ്റിയെങ്കിലും അധികം മുന്നോട്ട് പോകാന്‍ കഴിയാതെ പ്രതിഷേധം കാരണം ഈ കുടുംബം തിരിച്ചിറങ്ങുകയായിരുന്നു. വാഹനങ്ങളില്‍ യുവതികളോ കൗമാരക്കാരികളോ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് പൊലീസ് നല്‍കുന്ന ഉറപ്പ്. എന്നാല്‍ ഈ പറയുന്ന കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ പമ്പയിലും നിലയ്ക്കലിലും. റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് പൊലീസ് വാഹനങ്ങള്‍ കടത്തിവിടുകയും വാഹനം തടയുന്നവരെ അറസ്റ്റ് ചെയ്യുന്നുമുണ്ട്.


ഇതുവരെ നടന്ന പ്രതിഷേധങ്ങളെല്ലാം സമാധാനത്തിന്റെ മാര്‍ഗത്തില്‍ തന്നെയായിരുന്നു. പതിനായിരക്കണക്കിനാളുകള്‍ നിറഞ്ഞ യോഗങ്ങളില്‍ പ്രകോപനപരമായ ഒറു മുദ്രാവാക്യം പോലും ആരും മുഴക്കിയിട്ടില്ല. പകരം നിറഞ്ഞ കണ്ണികളോടെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ അവര്‍ സ്വാമിയേ അയ്യപ്പാ എന്ന ശരണമന്ത്രം മുഴക്കുക മാത്രമാണ് ചെയ്തത്. ക്രമസമാധാനം തകരാതിരിക്കാന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഒരു പ്രദേശത്തേക്ക് സ്ത്രീകളെത്തുന്നത് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്. അറസ്റ്റും ലാത്തിച്ചാര്‍ജ്ജും പ്രതിഷേധത്തിന്റെ കരുത്തും ശക്തിയും നാലിരട്ടിയാക്കിയേക്കും. കലിയുഗ വരദനായ അയ്യപ്പന്റെ പേരില്‍ ഒരു കാരണവശാലും കലാപം നടക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.


സമാധാനപരമായി നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന ആരോപണം പല മേഖലയില്‍ നിന്നും ഉയരുന്നുണ്ട്. ആചാരം സംരക്ഷിക്കാന്‍ ജീവന്‍ നല്‍കാനും തയ്യാറാണെന്നാണ് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം നിലയ്ക്കലിലെ സമരപന്തലില്‍ ആദിവാസി സ്ത്രീ ആത്മഹത്യ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. നിലയ്ക്കല്‍ സ്വദേശി രത്‌നമ്മയാണ് കഴുത്തിന് കുരുക്കിട്ടത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഒരു പ്രതിഷേധത്തിനും വിധി നടപ്പിലാക്കുന്നത് തടയാനാകില്ലെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഒട്ടും ചോരാത്ത മനോവീര്യത്തോടെ ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ പ്രതിഷേധം ശക്തമാക്കുകയാണ് വിശ്വാസികള്‍. ഭക്തരെ തടയുന്നവരെ അറസ്റ്റ് ചെയ്യണമെന്ന പൊലീസ് മേധാവിയുടെ നിര്‍ദേശം നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ ജയിലുകളെല്ലാം നിറയുമെന്ന സൂചനയും പ്രതിഷേധക്കാര്‍ നല്‍കുന്നുണ്ട്.


നിലവില്‍ ഒരു ചെറിയ സംഘം മാത്രമാണ് ശബരിമലയില്‍ സമരത്തിന് എത്തിയിരിക്കുന്നത്. അവരെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പുറത്തുണ്ട്. അവര്‍ കൂടി ഇവിടെയെത്തിയാല്‍ ക്രമസമാധാനനില പ്രചനാതീതമായേക്കും. ലാത്തിക്കും ചോരയ്ക്കും ഞങ്ങളുടെ പ്രതിഷധത്തെ തൊടാനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ചോരപ്പുഴയൊഴുക്കി സമരങ്ങള്‍ വിജയിപ്പിച്ച പാര്‍ട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. പൊലീസ് നടപടിയിലൂടെ അടിച്ച് അമര്‍ത്താവുന്നതല്ല ശബരിമലയ്ക്ക് വേണ്ടി ഉയരുന്ന പ്രാര്‍ത്ഥാനമന്ത്രങ്ങളെന്ന് സര്‍ക്കാരിന് നന്നായി അറിയാം. എന്നിട്ടും സംഘര്‍ഷാവസ്ഥയും ഭക്തരുടെ വികാരങ്ങളും മനസിലാക്കാന്‍ ശ്രമിക്കാതെ തുടരുന്ന ഭരണകൂടത്തിന്റെ കടുംപിടിത്തം എവിടെ എത്തുമെന്ന് കണ്ടറിയണം. സമവായമാണ് വിട്ടുവീഴ്ച്ചയാണ് ശബരിമല വിഷയത്തില്‍ വേണ്ടത്. അയ്യപ്പന്റെ പൂങ്കാവനത്തെ കലാപഭൂമിയാക്കാതിരിക്കുക എന്നത് സര്‍ക്കാരിന്റെയും വിശ്വാസികളുടെയും ഉത്തരവാദിത്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button