മുംബൈ: യാത്ര സുന്ദരമാക്കാൻ മധ്യറെയിൽവേയുടെ അഭിമാന ട്രെയിനായ ഡക്കാൺക്യൂനിലും പഞ്ചവടി എക്സ്പ്രസിലും നാളെ മുതൽ ഗ്രന്ഥശാലയും ആരംഭിക്കും. ‘വാചൻ പ്രേരണ ദിവസ’ (വായിക്കാർ പ്രേരിപ്പിക്കുന്ന ദിവസം)ത്തിന്റെ ഭാഗമായാണ് വായനശാല ആരംഭിക്കുന്നതെന്നു വിദ്യാഭ്യാസ മന്ത്രി വിനോദ് താവഡെ പറഞ്ഞു. മുൻ പ്രസിഡന്റ് എ.പി.ജെ.അബ്ദുൽ കലാമിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ ജന്മവാർഷികദിനമാണു വാചൻ പ്രേരണ ദിവസമായി ആഘോഷിക്കുന്നത്.
റെയിൽവേയുമായി സഹകരിച്ചു നടപ്പിലാക്കുന്ന വായനശാല ഡക്കാൺ ക്യൂനിലാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. മുംബൈ-പുണെ റൂട്ടിൽ ഓടുന്ന ഡക്കാൺ ക്യുൻ എക്സ്പ്രസ് പതിവായി പുണെയിൽ നിന്നു മുംബൈയിലെത്തി ജോലി ചെയ്തു മടങ്ങുന്നവരുടെ പ്രിയട്രെയിനാണ്. ഇത് സിഎസ്എംടിയിൽ നിന്നു വൈകിട്ട് 5.10ന് ആണ് പുറപ്പെടുന്നത്.
മുംബൈ- മൻമാഡ് ട്രെയിനാണ് പഞ്ചവടി എക്സ്പ്രസ്. ഇത് വൈകിട്ട് 6.15ന് സിഎസ്എംടിയിൽ നിന്നു പുറപ്പെടും. പ്രതിമാസ സീസൺ ടിക്കറ്റുകാർക്കും റിസർവ്ഡ് ടിക്കറ്റുകാർക്കും പുസ്തകങ്ങൾ സൗജന്യമായി വായിക്കാൻ ലഭിക്കും. പുസ്തകങ്ങൾ ട്രോളിയിൽ കൊണ്ടു വന്ന് വിതരണം ചെയ്യും. പുസ്തകം സ്വീകരിക്കുന്നവരുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ വിതരണക്കാരൻ ശേഖരിക്കും. രാജ്യ മറാഠി ഭാഷാ സൻസ്തയാണ് ഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത്.
Post Your Comments