കൊച്ചി: കടലില്‍ പോയ കണവനെ രാവന്തിയോളം കാത്തിരിക്കേണ്ടവളാണ് പെണ്ണ്. അതാണല്ലോ കടല്‍കരയുടെ ഒരു അലിഖിത നിയമം. എന്നാല്‍ കാറ്റും കോളും മാറിമറിയുന്ന ആഴക്കളിലേക്ക് കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍ ഭര്‍ത്താവിനൊപ്പം ആഴക്കടലില്‍ മത്സ്യം ബന്ധം നടത്തുന്‍ പോകുന്ന ഒരുവളുണ്ട്. രേഖ കാര്‍ത്തികേയന്‍. ഏങ്ങണ്ടിയൂര്‍ ഏത്തായി സ്വദേശികളായ രേഖ – കാര്‍ത്തികേയന്‍ ദമ്പതികള്‍ സിഎംഎഫ്ആര്‍ഐ ആഴക്കടല്‍ മത്സ്യതൊഴിലാളികള്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക ദമ്പതികളാണ്.
കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്ന ഇന്ത്യയിലെ ഏക വനിതയായ രേഖ പത്ത് വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം കടലില്‍ പോകുന്നു. ഏകദേശം 50 കിലോമീറ്റര്‍ വരെദൂരം കടലില്‍ ഫൈബര്‍ വള്ളത്തില്‍ ആണ് മീന്‍പിടിത്തം നടത്തുന്നത്. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും കഴിവ് തെളിയിക്കാനാകുമെന്ന് രേഖ കാര്‍ത്തികേയന്‍ പറയുന്നു. വനിതാ കര്‍ഷക സംഗമത്തില്‍ ആണ് രേഖ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിച്ച മഹിളാ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിലാണ് രേഖയും കൂട്ടരും തങ്ങളുടെ ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
പ്രളയത്തില്‍ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും കൂടു മത്സ്യകൃഷിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പെരിയാറില്‍ കൂടു മത്സ്യകൃഷി യൂണിറ്റ് നടത്തുന്ന സ്മിജി ടി എം പറഞ്ഞു. മത്സ്യമേഖലയുമായി ബന്ധപ്പെട്ട തൊഴില്‍ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 20 ഓളം സ്ത്രീകള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. മത്സ്യബന്ധനം, കൂടുമത്സ്യ കൃഷി, കക്കവര്‍ഗ കൃഷി, അലങ്കാരമത്സ്യ കൃഷി, ചീനവല, മത്സ്യവള നിര്‍മാണം, കക്കസംസ്‌കരണം, ഉണക്കമത്സ്യ നിര്‍മാണം, അക്വാ ടൂറിസം, സമ്മിശ്ര കൃഷിതുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
Post Your Comments