Latest NewsIndia

വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധന വിസമ്മതിച്ച യുവതിക്ക് സാമുദായിക വിലക്ക്

വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധനയ്ക്ക് വിസമ്മതിച്ച യുവതിക്ക് സാമുദായിക വിലക്ക്. പുണെയില്‍ നിന്നുള്ള യുവതിയ്ക്കാണ് കന്യകാത്വ പരിശോധനയുടെ പേരില്‍ സാമുദായിക ഉത്സവത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതിരുന്നത്.

തന്നോട് കാട്ടിയ വിവേചനത്തിനെതിരെ ഇവര്‍ പിമ്പ്രി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര അന്തശ്രദ്ധ നിര്‍മൂലന്‍ സമിതി(എംഎഎന്‍എസ്) യും ഇവര്‍ക്ക് പിന്തുണയുമായെത്തി. വിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധന വേണമെന്ന കഞ്ഞാര്‍ബട്ട് സമുദായത്തിന്റെ അലിഖിത നിയമമാണ് യുവതി ചോദ്യം ചെയ്തത്. ആ പരിശോധന കൂടാതെ പൊലീസിന്റെ സഹായത്തോടെ വിവാഹിതയായ സ്ത്രീയ്‌ക്കൊപ്പം ഭര്‍ത്താവും നിലകൊണ്ടെങ്കിലും ഇരുവര്‍ക്കും സാമുദായിക ബഹിഷ്‌കരണം നേരിടേണ്ടി വരികയാണിപ്പോള്‍. സമുദായത്തിന്റെ കാലങ്ങളായുള്ള ആചാരം എതിര്‍ത്തു എന്നാണ് ഇവര്‍ക്കെതിരെ നടപടിക്ക് കാരണമാകുന്നത്.

തിങ്കളാഴ്ച്ച നടന്ന ആഘോഷത്തിനിടെ 20 മിനിട്ടോളം മറ്റുള്ളവര്‍ക്കൊപ്പം താന്‍ നൃത്തം ചെയ്‌തെന്നും എന്നാല്‍ പൊടുന്നനേ സംഘാടകര്‍ സംഗീതം നിര്‍ത്തുകയായിരുന്നെന്നും യുവതി പറഞ്ഞു. താന്‍ ഉടന്‍ തന്നെ അവിടം വിട്ട് പോകണമെന്നും സമുദായനേതാക്കള്‍ ആവശ്യപ്പെട്ടെന്ന് അമ്മ അറിയിച്ചെന്നും യുവതി പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ സംഘാടകര്‍ പരിപാടി റദ്ദാക്കുകയാണെന്ന് അറിയിച്ചു. ഇതോടെ താന്‍ വേദി വിട്ടെന്നും എന്നാല്‍ താന്‍ പോയ ഉടന്‍ തന്നെ പരിപാടികള്‍ വീണ്ടും തുടങ്ങിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തെ അപലപിച്ച് എംഎഎന്‍എസ് രംഗത്തെത്തി. അവര്‍ ദേവിയുടെ ഉത്സവമാണ് ആഘോഷിക്കുന്നതെന്നും എന്നാല്‍ ഒരു തെറ്റും ചെയ്യാത്ത സ്ത്രീയെ ബഹുമാനിക്കാന്‍ തയ്യാറല്ലെന്നും എംഎഎന്‍എസ് ചൂണ്ടിക്കാട്ടി. ആളുകളെ സാമൂഹ്യമായി ബഹിഷ്‌കരിക്കുന്ന ഇത്തരം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് അവസാനിക്കില്ലെന്നും എംഎഎന്‍എസ് ഓര്‍മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button